ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പൊലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്ത സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിതെന്ന് നിരീക്ഷിച്ച കോടതി, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. ഒക്ടോബർ 12ന് വിചാരണയ്ക്കായി കോടതിയിൽ എത്താൻ ആവശ്യപ്പെട്ടു.

അർദ്ധരാത്രിയിൽ പോലീസ് സംഘടിപ്പിച്ച ശവസംസ്കാരത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച കോടതി, അന്നേ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളോടും ഹാജരാകാൻ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളുമായി എത്താനാണ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Read More: ഞാൻ ഒറ്റയ്‌ക്ക് നടക്കും, ഏത് വകുപ്പിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യുക?

യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവര്‍ ഒക്ടോബര്‍ 12-ന് ഹാജരാകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹത്രാസ് ജില്ലാ മജിസ്‌ട്രേട്ട്, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവര്‍ക്കും ജസ്റ്റിസുമാരായ രാജന്‍ റോയ്, ജസ്പ്രീത് സിങ്ങ് എന്നിവരുടെ ബെഞ്ച് സമന്‍സ് അയച്ചിട്ടുണ്ട്.

“മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയെ ഭരണഘടനാപരമായ അവകാശങ്ങൾ അടിച്ചമർത്താനും കവർന്നെടുക്കാനും സംസ്ഥാന അധികാരികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ” എന്ന് പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി പറഞ്ഞു.

Read More: ഹത്രാസ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദവുമായി യുപി പൊലീസ്

പെൺകുട്ടിയോട് അക്രമികൾ അങ്ങേയറ്റത്തെ ക്രൂരതയാണ് ചെയ്തതെന്നും, അതിന് ശേഷം സംഭവിച്ചു എന്നാരോപിക്കപ്പെടുന്ന കാര്യങ്ങൾ പെൺകുട്ടിയുടെ കുടംബത്തെ കൂടുതൽ വിഷമിപ്പിക്കുന്നതും മുറിവിൽ ഉപ്പുതേയ്ക്കുന്നതിന് തുല്യമായതുമാണെന്ന് കോടതി പറഞ്ഞു.

മരണപ്പെട്ട ഇരയുടെ മാത്രമല്ല അവളുടെ കുടുംബാംഗങ്ങളുടെയും അടിസ്ഥാന മാനുഷിക-മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തികളാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് എന്ന ആരോപണം നിലനിൽക്കുന്നതിനാൽ ഇക്കാര്യം “വളരെയധികം പൊതു പ്രാധാന്യവും പൊതുതാൽപര്യവുമുള്ള സംഭവമാണ് എന്ന് കോടതി പറഞ്ഞു.

Read More: യുപി സർക്കാർ പ്രതിരോധത്തിൽ; ഹത്രാസ് പീഡനക്കേസിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും

സെപ്റ്റംബർ 14നാണ് 19കാരിയായ ദലിത് യുവതിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പോലീസിന് വിവരം നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. കുടുംബാംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി.

കൃഷിസ്ഥലത്ത് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 28 ന് ഡല്‍ഹി എയിംസിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസമാണ് മരിച്ചത്.

Read More: Day after police rushed her cremation, Allahabad HC steps in, asks officials to explain

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook