ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം വേണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു
പാക്കിസ്ഥാനിൽ പതിച്ചത് ഇന്ത്യൻ മിസൈൽ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ അതിത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ പാക്കിസ്ഥാൻ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
“അപകടത്തിൽ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന്” പ്രതിരോധ മന്ത്രാലയവും ആശ്വാസം പ്രകടിപ്പിച്ചിരിുന്നു. സംഭവത്തിൽ കോടതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
“ഇന്ത്യയിൽ നിന്നുള്ള മിസൈൽ 2022 മാർച്ച് 9 ന് പാകിസ്ഥാൻ പ്രദേശത്തേക്ക് ‘ആകസ്മികമായി വെടിവച്ചതിൽ’ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഡിഫൻസ് വിംഗ് നടത്തിയ പത്രക്കുറിപ്പ് ഞങ്ങൾ ശ്രദ്ധിച്ചു,” എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
“സംഭവത്തിന്റെ ഗുരുതരമായ സ്വഭാവം സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും അണ്വായുധ പരിതസ്ഥിതിയിൽ ആകസ്മികമോ അനധികൃതമോ ആയ മിസൈലുകളുടെ വിക്ഷേപണത്തിനെതിരായ സാങ്കേതിക സുരക്ഷാസംവിധാനങ്ങളെ കുറിച്ചും നിരവധി അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു,” പാകിസ്ഥാൻ പറഞ്ഞു, “ഇത്തരം ഗുരുതരമായ ഒരു വിഷയത്തെ ലളിതമായ വിശദീകരണം കൊണ്ട് ഇന്ത്യൻ അധികാരികൾക്ക് അഭിസംബോധന ചെയ്യാൻ കഴിയില്ല,” പാകിസ്താന്റെ പ്രസ്താവനയിൽ പറയുന്നു.
ആകസ്മികമായ മിസൈൽ വിക്ഷേപണം തടയുന്നതിനുള്ള നടപടികളും നടപടിക്രമങ്ങളും ഈ സംഭവത്തിന്റെ പ്രത്യേക സാഹചര്യങ്ങളും വിശദീകരിക്കാൻ പാകിസ്താൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രദേശത്ത് പതിച്ച മിസൈലിന്റെ തരത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മിസൈലിന്റെ പറക്കുന്ന പാതയെക്കുറിച്ചും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമായ വിശദീകരണം തേടിയിട്ടുണ്ട്.
“മിസൈലിൽ സ്വയം നശിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് അത് യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടത്? പതിവ് അറ്റകുറ്റപ്പണികൾക്കിടയിലും ഇന്ത്യൻ മിസൈലുകൾ വിക്ഷേപിക്കുന്നതിന് പ്രാഥമികമായി സൂക്ഷിച്ചിട്ടുണ്ടോ?” പാകിസ്താന്റെ പ്രസ്താവനയിൽ ചോദിക്കുന്നു.
മിസൈൽ ആകസ്മികമായി വിക്ഷേപിച്ച വിവരം പാക്കിസ്ഥാനെ ഉടൻ അറിയിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും പാകിസ്ഥാൻ വിശദീകരണം തേടുന്നത് വരെ അത് അംഗീകരിക്കാൻ കാത്തിരുന്നത് എന്തുകൊണ്ടാണെന്നും പ്രസ്താവനയിൽ ചോദിക്കുന്നു.
“കഴിവില്ലായ്മയുടെ അഗാധമായ തലം” എന്ന് സംഭവത്തെ വിശേഷിപ്പിച്ചുകൊണ്ട്, “മിസൈൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ സായുധ സേനകളോ ചില പ്രശ്നക്കാരോ കൈകാര്യം ചെയ്തിരുന്നെങ്കിൽ” എന്തായിരിക്കും എന്ന് വിശദീകരിക്കാനും പാകിസ്താൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ സിർസയിൽ നിന്ന് പറന്നുയർന്ന് പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം പതിച്ചതായി പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വ്യാഴാഴ്ച വൈകുന്നേരം വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഈ വിഷയത്തിൽ വിശദീകരണം പുറപ്പെടുവിച്ചത്. സംഭവത്തിൽ പാക്കിസ്ഥാൻ വെള്ളിയാഴ്ച ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സിർസയിൽ നിന്ന് വൈകുന്നേരം 6.03 ഓടെയാണ് മിസൈൽ പറന്നുയർന്നത്. തുടക്കത്തിൽ ഇന്ത്യയുടെ മഹാജൻ ഫീൽഡ് ഫയറിംഗ് ബേസുകളിലേക്കാണ് നീങ്ങിയത്, എന്നാൽ ഏകദേശം 70 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിച്ച ശേഷം, ദിശ മാറി വടക്ക് പടിഞ്ഞാറ് പാക്കിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് നീങ്ങുകയായിരുന്നു.