ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ നിലയില്‍. ബുധനാഴ്ച രാത്രിയോടെ തലസ്ഥാനനഗരിയെ പുകമൂടിയ നിലയിലായിരുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിയും കടന്ന് വെടിക്കെട്ട് നടത്തിയതോടെയാണ് ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമായത്. ‘വളരെ മോശം’ കാറ്റഗറിയിലാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത്.
ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് അന്തരീക്ഷ ഗുണനിലവാരം കുറയാന്‍ തുടങ്ങിയത്. 7 മണിക്ക് അന്തരീക്ഷ ഗുണനിലവാര സൂചിക 281ലായിരുന്നു. എന്നാല്‍ 8 മണിയോടെ ഇത് 291 ആയി വര്‍ധിച്ചു. 9 മണിയോടെ 294 ആയും 10 മണിയോടെ 296 ആയും വായു മലിനീകരണ തോത് ഉയര്‍ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് പോലെ തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഉയര്‍ന്നിരിക്കുന്നത്.
ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലേയും അന്തരീക്ഷം വളരെ മോശമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ദീപാവലിക്കും മറ്റ് ഉത്സവങ്ങള്‍ക്കും രാത്രി 8 മുതല്‍ 10 വരെ മാത്രമായിരുന്നു സുപ്രീം കോടതി പടക്കം പൊട്ടിക്കാനുളള അനുമതി നല്‍കിയിരുന്നത്. എന്നാല്‍ രാത്രി 10 മണിക്ക് ശേഷവും പലയിടങ്ങളിലും വെടിക്കെട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.