ന്യൂഡൽഹി: പന്ത്രണ്ടു മണിക്കൂറത്തെ പരിശ്രമത്തിനുശേഷം വീടിനുള്ളിൽ കടന്ന പുളളിപുലിയെ പിടികൂടി. ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയിലുളള ഭോപ്പുരയിലാണ് സംഭവം. 22 കാരനായ അങ്കിതിന്റെ ധീരോചിതമായ പ്രവൃത്തിയിലൂടെയാണ് പുലിയെ പിടികൂടാനായത്. പുലിയുടെ ആക്രമണത്തിൽ 14 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ഭോപ്പുരയിലെ ഗ്രാമത്തിൽ പുലി എത്തിയത്. ആദ്യമായാണ് ഒരു പുലി ഗ്രാമത്തിൽ കാണപ്പെടുന്നത്. ടു വീലറിൽ വരികയായിരുന്ന 30 കാരനായ ബിട്ടു കുമാറിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അതിനുശേഷം 14 കാരനായ കുട്ടിയെയും ആക്രമിച്ചു. കുട്ടിയുടെ തലയ്ക്കാണ് പരുക്കേറ്റത്. തുടർന്ന് ധരംപാൽ സിങ് പ്രജാപതിയുടെ വീടിനകത്തേക്ക് കടന്നു. ഇതുകണ്ട ധരംപാലിന്റെ അനന്തരവൻ അങ്കിത് പുറകേ എത്തി വാതിൽ അടച്ചു. സംഭവം അറിഞ്ഞ് സാഹിബാബാദ് പൊലീസ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥരും, മൃഗ സംരക്ഷകരും, ജില്ലാ ഭരണകൂടവും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് അധികൃതരും എത്തി.

നാട്ടുകാർ കോഴിക്കഷ്ണം വീടിനകത്തേക്ക് ഇട്ടുവെങ്കിലും പുലി കഴിച്ചില്ല. പുറത്തുനിന്നുളള ശബ്ദം കാരണം പുലി ഭയപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വെളളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ മീററ്റിൽ നിന്നെത്തിയ ഫോറസ്റ്റ് അധികൃതർ വാതിലിനു പുറത്തായി വലിയ ഇരുമ്പു കൂട് വച്ചു. എന്നിട്ട് വീടിനു ചുമരിൽ ദ്വാരമുണ്ടാക്കി അതുവഴി ലാത്തി ഉളളിലേക്കിട്ട് പുലിയെ പുറത്തിറക്കാൻ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പുലി ചാടി പുറത്തേക്കെത്തുകയും കൂട്ടിനുളളിലാവുകയും ചെയ്തു. അതിനുശേഷം മയക്കുവെടിവച്ചു. 12 മണിക്കൂറോളം ഗ്രാമത്തെ ഭീതിയിൽ നിർത്തിയശേഷമാണ് പുലിയെ പിടികൂടിയത്.

leopard, uttar pradesh

ചിത്രം: പ്രവീൺ ഖന്ന

കോളജിൽ എൻസിസിയിൽ നിന്നും കിട്ടിയ പരിശീലനമാണ് പുലിയെ പിടിക്കാൻ സഹായിച്ചതെന്ന് അങ്കിത് പറഞ്ഞു. ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് എത്തുന്ന വന്യ മൃഗങ്ങളെ എങ്ങനെ പിടികൂടണമെന്ന് പരിശീലനം നൽകിയിരുന്നു. വന്യമൃഗങ്ങളെ കണ്ടാൽ അവയെ വീടിനുളളിലോ അടച്ചിട്ട സ്ഥലത്തേക്കോ എത്തിക്കണം. ഈ ഓർമയിലാണ് പുലി അങ്കിളിന്റെ വീട്ടിൽ കടന്നയുടനെ വാതിൽ പൂട്ടിയതെന്നും അങ്കിത് പറഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുളള ശ്രീ ഗുരു തേജ് ബഹാദൂർ ഖൽസ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് അങ്കിത്.

leopard, uttar pradesh

ചിത്രം: പ്രവീൺ ഖന്ന

അങ്കിത് പുലിയെ പിടികൂടിയില്ലായിരുന്നുവെങ്കിൽ നിരവധി പേരെ ആക്രമിച്ചേനെ. ചിലപ്പോൾ ആരെയെങ്കിലും കൊല്ലുക കൂടി ചെയ്തേനെ. അങ്കിതില്ലായിരുന്നെങ്കിൽ 22 കാരിയായ തന്റെ മകൾ പ്രീതിയെ പുലി പിടിക്കുമായിരുന്നുവെന്നും ധരംപാൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ