ന്യൂഡൽഹി: ഉന്നാവിൽ കൂട്ടബലാത്സംഗംത്തിന് ശേഷം പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്ന് ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രി അധികൃതർ. ലഖ്നൗവിലെ ആശുപത്രിയിൽ നിന്നും പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.
“രോഗിയുടെ നില അതീവ ഗുരുതരമാണ്. ഇപ്പോൾ വെന്റിലേറ്ററിലാണ്. പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത പോലും വളരെ കുറവാണ്,”ആശുപത്രിയിലെ ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ശലബ് കുമാർ പറഞ്ഞു.
ഇന്നലെ പെൺകുട്ടിയെ വിമാനത്താവളത്തിൽ നിന്നും തടസങ്ങളില്ലാതെ ആശുപത്രിയിലെത്തിക്കുന്നതിനായി ട്രാഫിക് പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
“ഞങ്ങൾ രോഗിക്കായി ഒരു പ്രത്യേക ഐസിയു റൂം സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ സംഘം പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്ത പറഞ്ഞു.
ബലാത്സംഗ പരാതി നൽകിയ 23കാരിയായ പെൺകുട്ടിയെ അഞ്ചംഗ സംഘമാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു ഉന്നാവോ ജില്ലയിലെ ബിഹാർ പോലീസ് സ്റ്റേഷൻ പ്രദേശത്താണു സംഭവം. പെൺകുട്ടി കോടതിയിലേക്ക് പോകുന്ന വഴിയാണ് പ്രധാന പ്രതിയും കൂട്ടാളികളും ചേർന്ന് തീ കൊളുത്തിയത്. അഞ്ച് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, രണ്ടു പേർ 2018 ൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. എന്നാൽ രണ്ടുപേരെയും വിട്ടയച്ചതായും ജാമ്യത്തിലിറങ്ങിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി ഒന്നാം പ്രതി തന്നെ റായ് ബറേലിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ താൻ സമ്മർദ്ദം ചെലുത്തിയപ്പോൾ ഇയാൾ തന്നെ വയലിലേക്ക് കൊണ്ടുപോയതായും ഇയാളും സുഹൃത്തും തന്നെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതായും പെൺകുട്ടി ആരോപിച്ചു.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുൻപാണ് ഉന്നാവിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തുവരുന്നത്.
ഉന്നാവിലെ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ഉൾപ്പെട്ട ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടി വാഹനാപകടത്തിൽ പരുക്കേറ്റ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.
കേസിൽ ബിജെപി എംഎൽഎ ജയിലിലാണ്. ഇയാൾക്കെതിരെ പോക്സോ അടക്കം ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പെൺകുട്ടിക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്.