ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്‍ അബുബക്കര്‍ അല്‍ ബാഗ്‌ദാ‌ദിക്കു പിന്നാലെ, അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന ആളെയും വധിച്ചതായി സിറിയൻ സേനയുടെ നേതാവും മറ്റൊരു സിറിയൻ മനുഷ്യാവകാശ പ്രവർത്തകനും അറിയിച്ചു.

അബു ഹസൻ അൽ മുജാഹിറാണ് കൊല്ലപ്പെട്ടത്. വടക്കൻ സിറിയയിൽ ഓയിൽ ടാങ്കർ ട്രക്കിന്റെ പിൻഭാഗത്ത് കള്ളക്കടത്ത് നടത്തുകയായിരുന്നു ഇയാളെന്നാണ് വിവരം. യുഎസ് വ്യോമാക്രമണത്തിലാണ് അൽ മുജാഹിർ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നതായാണു സാക്ഷിമൊഴികൾ. സംഭവസ്ഥലത്ത് ആളുകളോട് സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ഹുസൈൻ നാസർ പറഞ്ഞു.

Read More: ഐ‌എസ് തലവന്‍ ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടത് സ്വയം പൊട്ടിത്തെറിച്ച്; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയുമായി സഹകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ കുർദിഷ് നേതൃത്വത്തിലുള്ള സേനയുടെ തലവൻ മസ്ലൂം അബ്ദി ഇക്കാര്യം ട്വിറ്ററിൽ കുറിച്ചു. തന്റെ സൈന്യവും യുഎസും ഒന്നിച്ച് നടത്തിയ ആക്രമണത്തിൽ അൽ മുഹാജിർ ഞായറാഴ്ച കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം അൽ മുഹാജിർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ന്യൂസിലാന്റിൽ 50 മുസ്ലീങ്ങളെ കൊലപ്പെടുത്തിയതിന് പ്രതികാരം തീർക്കുമെന്ന് വെല്ലുവിളിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാർച്ചിലാണ് അൽ മുജാഹിർ അവസാനമായി പ്രസ്താവന ഇറക്കിയത്.

അതേസമയം അൽമുഹജാറിനെക്കുറിച്ചും അയാളുടെ ശരിയായ പേര്, ദേശീയത എന്നിവയെ കുറിച്ചും ഉദ്യോഗസ്ഥർക്ക് വളരെ കുറച്ചു മാത്രമേ അറിയാവൂയെന്നത്, കൊല്ലപ്പെട്ടത് അൽമുജാഹിർ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിൽ സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. അതേസമയം തീവ്രവാദ വിദഗ്‌ധർ അത് ബാഗ്ദാദിയുടെ പിൻഗാമിയാണെന്ന് ഉറപ്പിച്ച് പറയുന്നു.

അബുബക്കര്‍ അല്‍ ബാഗ്‌ദാ‌ദി സ്വയം പൊട്ടിത്തെറിച്ചാണെന്ന് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെയായിരുന്നു സംഭവമെന്നും ട്രംപ് സ്ഥിരീകരിച്ചു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ബാഗ്‌ദാ‌ദിയുടെ താവളം കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതെന്ന് ട്രംപ് പറഞ്ഞു. വ്യോമമാര്‍ഗം തുറന്നുതന്നുകൊണ്ട് റഷ്യ ഓപ്പറേഷനുവേണ്ടി സഹായം ചെയ്‌തെന്നും ഓപ്പറേഷന്റെ സ്വഭാവത്തെക്കുറിച്ച് റഷ്യയ്ക്ക് അറിയില്ലായിരുന്നു വെന്നും ട്രംപ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പിന്നീട് അറിയിക്കും. ബാഗ്‌ദാ‌ദിയുടെ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഏറെ അപകടകരമായ ഒന്നായിരുന്നു. എങ്കിലും ലക്ഷ്യം നിറവേറ്റിയെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook