ലക്നൗ: ബിഹാറില്‍ മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍ഡിഎ വിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷി കൂടി മുന്നണി വിടുമെന്ന് സൂചന. ഉത്തര്‍പ്രദേശിലെ അപ്‌ന ദള്‍ (എസ്) ആണ് അതൃപ്തി വ്യക്തമാക്കുന്നത്. ചെറുകക്ഷികള്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന് അപ്‌നാ ദള്‍ അധ്യക്ഷന്‍ ആശിഷ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയില്‍ നിന്നും വിട്ടു നിന്നു. ഡ്യോരിയ ജില്ലയില്‍ നടന്ന മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തില്‍ നിന്നാണ് അനുപ്രിയ പട്ടേല്‍ വിട്ടു നിന്നത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി കൂടിയാണ് അനുപ്രിയ പട്ടേല്‍.

ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പങ്കെടുത്ത സിദ്ധാര്‍ത്ഥ്നഗറിലെ പരിപാടിയിലും അനുപ്രിയ പങ്കെടുത്തിരുന്നില്ല. അനുപ്രിയയുടെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിയും അപ്നാ ദളും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. ഔദ്യോഗിക ക്ഷണം ഇല്ലാത്തത് കൊണ്ടാണ് അവര്‍ പങ്കെടുക്കാതിരുന്നതെന്നാണ് അപ്നാ ദള്‍ നേതാവ് അനുരാഗ് പട്ടേല്‍ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് അനുപ്രിയ പങ്കെടുക്കാതിരുന്നതെന്ന് അറിയില്ലെന്ന് ബിജെപി വ്യക്തമാക്കി.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അപ്‌നാ ദള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ആശിഷ് പട്ടേല്‍ ഇന്നലെ ഇത് സംബന്ധിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ‘രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് ബിജെപി പാഠം പഠിക്കണം. ഞങ്ങളുടെ പാര്‍ട്ടിക്ക് ബിജെപി യുപി ഘടകം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല. എസ് പി – ബി എസ് പി സഖ്യം എന്‍ഡിഎയ്ക്ക് യുപിയില്‍ വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ സഖ്യകക്ഷികള്‍ അസ്വസ്ഥരാണ്. ബിജെപി കേന്ദ്ര നേതൃത്വം എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ യുപിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും – അപ്‌നാ ദള്‍ നേതാവ് മുന്നറിയിപ്പ് നല്‍കി.
ഞങ്ങളെ പോലുള്ള ചെറു പാര്‍ട്ടികളും പരിഗണന അര്‍ഹിക്കുന്നുണ്ട്. അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെങ്കില്‍ അത് ഞങ്ങളുടെ പ്രവര്‍ത്തകരെ വേദനിപ്പിക്കും. കേന്ദ്ര മന്ത്രിയായ അനുപ്രിയ പട്ടേലിനെ മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് ആശിഷ് പട്ടേല്‍ പരാതി പെട്ടു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല. ഹിന്ദി ഹൃദയഭൂമിയുടെ ഭാഗമായ മൂന്ന് സംസ്ഥാനളിലെ തോല്‍വി വളരെ ഗൗരവമുള്ളതാണ്. യുപിയില്‍ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും തങ്ങളുടെ അതൃപ്തി തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റേയും യുപി സര്‍ക്കാരിന്റേയും നയങ്ങള്‍ക്കെതിരെ യുപി മന്ത്രിയായ എസ് ബി എസ് പി നേതാവ് ഓം പ്രകാശ് രാജ്ഭര്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഒഴിവാക്കാനാകാത്ത ചെകുത്താന്‍ എന്നാണ് ബിജെപി കഴിഞ്ഞ നവംബറില്‍ ഓംപ്രകാശ് രാജ്ഭറിനെ വിശേഷിപ്പിച്ചത്. സീറ്റ് വീഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി ആര്‍ജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യത്തില്‍ ചേര്‍ന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ