കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താനുളള ഇന്ത്യയുടെ ശ്രമത്തെ ഒരു വിധത്തിലും സഹായിക്കില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേസ് മുഷ്റഫ്. പാക്കിസ്ഥാൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന അവകാശവാദമുയർത്തി ഇന്ത്യ ഏറെ നാളായി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. പിന്നെ എന്തിനാണ് ഞങ്ങൾ ഇന്ത്യയെ സഹായിക്കുന്നത്. ദാവൂദ് എവിടെയാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ പാക്കിസ്ഥാനിൽ ഉണ്ടാകാം, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ആകാം. ഇന്ത്യ മുസ്‌ലിംകളെ കൊന്നൊടുക്കി. ഇതിനെതിരെ ദാവൂദ് ഇബ്രാഹിം പ്രതികരിച്ചുവെന്നും മുഷ്റഫ് അഭിമുഖത്തിൽ പറഞ്ഞു.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. നേരത്തെ അൽഖായിദ തലവൻ ഒസാമ ബിൻ ലാദൻ പാക്കിസ്ഥാനിലുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ഇതും പാക്കിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ 2011 മേയിൽ യുഎസ് പട്ടാളം നടത്തിയ സൈനിക ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്ന ബിൻ ലാദനെ കൊന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിൻ ലാദൻ പാക്കിസ്ഥാനിലുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നായിരുന്നു മുഷ്റഫിന്റെ മറുപടി.

260 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്ഫോടനങ്ങളിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. ദാവൂദിനെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാക്ക് സർക്കാരിന്റെ ഒത്താശയോടെ ദാവൂദ് കറാച്ചിയിൽ ഒളിവിൽ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനൽകണമെന്നും വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.

1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. പാക്ക് ചാരസംഘടന ഐഎസ്ഐയുടെ തണലിലാണ് ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook