മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ വീട് ലേലം ചെയ്തു. കള്ളക്കടത്ത് നിയമത്തിന്റെ (എസ്എഎഫ്ഇഎംഎ) കീഴിലാണ് ലേലം. ഒരുകോടി 80 ലക്ഷം രൂപ ലേലത്തുകയായി ലഭിച്ചു.

ദക്ഷിണ മുംബൈയിലെ ഗോര്‍ദണ്‍ ഹാളിലുള്ള വസ്തുവാണ് ലേലം ചെയ്തത്. ഒരുകോടി 69 ലക്ഷം രൂപയായിരുന്നു മുമ്പ് ഇതിന്റെ മൂല്യം. ഇത്തരത്തില്‍ ദാവൂദിന്റ കുടുംബത്തിന്റേതായി ലേലം ചെയ്യുന്ന അഞ്ചാമത്തെ വസ്തുവാണിത്. നാഗ്പടയിലെ 600 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ ഫ്‌ളാറ്റിലാണ് 2014ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നതു വരെ പാര്‍ക്കര്‍ താമസിച്ചിരുന്നത്.

ദക്ഷിണ മുംബൈയിലെ വൈ ബി ചൗഹാന്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ലേലം നടന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എന്‍.ഡിസൂസ അറിയിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഉച്ചവരെ നീണ്ടു നിന്നു. ഓണ്‍ലൈന്‍ വഴി, പൊതുലേലം, ടെന്‍ഡര്‍ തുടങ്ങിയ മാർഗങ്ങള്‍ അവലംബിച്ചിരുന്നു.

ലേലത്തിലൂടെ വീട് സ്വന്തമാക്കിയ ആളുടെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അങ്ങനെ ചെയ്തതെന്ന് ഡിസൂസ അറിയിച്ചു.

ദാവൂദ് 1980ല്‍ ദുബായിലേക്ക് പോയതിന് ശേഷം ദാവൂദിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം പാര്‍ക്കറും പങ്കാളിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1991ല്‍ അരുണ്‍ ഗൗളിയുടെ സഹായികളാല്‍ വെടിയേറ്റ് ഭര്‍ത്താവ് ഇസ്മയില്‍ മരിച്ചതിന് ശേഷം പാര്‍ക്കര്‍ അധോലോക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook