ലണ്ടന്‍ : അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പണമിടപാടുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ട്രഷറി വകുപ്പിന്‍റെ കരിംപട്ടികയിലുള്ളതാണ് ദാവൂദിനെതിരെ നടപടിയെടുക്കാന്‍ കാരണമെന്ന് ബര്‍മിങ്ഹാം മെയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മിഡ്ലാന്‍ഡിലെ വസ്തുക്കളും കണ്ടുകെട്ടിയ പട്ടികയില്‍ പെടും. വാര്‍വിക്ഷെയറിലെ ഒരു ഹോട്ടല്‍, മിഡ്ലാന്ഡിലെ അനേകം വീടുകള്‍ എന്നിവ ദാവൂദിന്‍റെ പെരിലായുണ്ട് എന്നാണ് റിപ്പോര്‍ട്ട്‌.

ട്രഷറി വകുപ്പിന്‍റെ പക്കല്‍ ദാവൂദിന്‍റെതായി മൂന്നു വിലാസങ്ങളും ദാവൂദ് ഉപയോഗിക്കുന്നതായ ഇരുപത്തിയൊന്ന് പേരുകളുടെ പട്ടികയും ഉണ്ട്. ഇതില്‍ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ പ്രദേശത്തുള്ളതിന്‍റെ പേര് വൈറ്റ്‌ഹൌസ്‌ എന്നാണു. ഈ ഇരുപത്തിയൊന്ന് പേരുകളിലേക്കും പണമിടപാട് റദ്ദുചെയ്തിരിക്കുകയാണിപ്പോള്‍.

ഇന്ത്യ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ ഇപ്പോള്‍ ബ്രിട്ടന്‍ ട്രഷറി വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. 2015ല്‍ ദാവൂദിന്‍റെ വസ്തുക്കള്‍ തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ സംഘം മിഡ്ലാണ്ട് സന്ദര്‍ശിച്ചിരുന്നു.

1993 മുംബൈ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യ തിരിയുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. യുണൈറ്റഡ് നാഷന്‍സിന്‍റെ രേഖകള്‍ പ്രകാരം അല്‍ ഖ്വയ്ദ ബന്ധം ആരോപിക്കുന്ന ദാവൂദിനെ യുഎസ് ട്രഷറി വകുപ്പ് 2013ല്‍ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ