മുംബൈ: അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി മുംബൈ പൊലീസ്. വിദേശത്ത് താമസിക്കുന്ന ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് സംഘത്തിന്റെ ഫോൺ പൊലീസ് ചോർത്തിയിരുന്നു. ഇന്ത്യയിലെ സംഘാംഗങ്ങളുമായുളള സംഭാഷണങ്ങളാണ് ചോർത്തിയത്. ഇതിൽനിന്നാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.

മുംബൈയിലുള്ള ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കർ കെട്ടിട നിർമാതാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ അടുത്തിടെ പൊലീസ് പിടിയിലായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ നാലുതവണ ഫോണിലൂടെ സംസാരിച്ചതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രത്യേകമായി നിർമിച്ച ബർണർ ഫോണുകൾ ഉപയോഗിച്ചാണ് വിളിച്ചത്. ഫോൺ വിളികൾ പൊലീസിന്റെയും ഇന്റലിജൻസിന്റെയും ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് ബർണർ ഫോണുകൾ ഉപയോഗിച്ചത്. അതിനുശേഷം ഫോണുകൾ നശിപ്പിച്ചതായും ചോദ്യം ചെയ്യലിൽ കസ്കർ പറഞ്ഞു.

260 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. സംഭവത്തിനുശേഷം ഇന്ത്യ വിട്ട ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നാണ് വിവരം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് പാക്ക് സർക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവിൽ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനൽകണമെന്നും വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ദാവൂദ് അവിടെ ഇല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook