മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നതായി മഹാരാഷ്ട്ര നവ്നിർമാൺ സേന (എംഎൻഎസ്) ചീഫ് രാജ് താക്കറെ. ഇതിനായി ദാവൂദ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു. സ്വന്തം രാജ്യത്ത് കിടന്ന് മരിക്കാനാണ് ദാവൂദിന്റെ ആഗ്രഹം. അതിനായി കേന്ദ്രസർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കാനുളള ശ്രമത്തിലാണ് ദാവൂദെന്നും രാജ് താക്കറെ പറഞ്ഞു. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടന വേളയിൽ സംസാരിക്കവേയാണ് രാജ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം ഇഷ്ടപ്രകാരം മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദാവൂദിന്റെ തീരുമാനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദിനെ ഇന്ത്യയിലെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പക്ഷേ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാരിനു സാധിച്ചുവെന്ന് അവകാശവാദം ഉന്നയിക്കാനാണ് ബിജെപിയുടെ നീക്കം. ഇത് അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ദാവൂദിനെ ബിജെപി സർക്കാരല്ല തിരികെ കൊണ്ടുവരുന്നതെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണെന്നും രാജ് താക്കറെ പറഞ്ഞു.

260 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. സംഭവത്തിനുശേഷം ഇന്ത്യ വിട്ട ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നാണ് വിവരം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് പാക്ക് സർക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവിൽ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനൽകണമെന്നും വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ദാവൂദ് അവിടെ ഇല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ