ചിറ്റൂർ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഡോ.വി.പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും തിരുപ്പതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പതി എസ്.വി.ആർ.ആർ. ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്. പദ്മജ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇരുവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കി.
ആർടി-പിസിആർ ടെസ്റ്റിന് കൊണ്ടുവന്നപ്പോൾ പദ്മജ സംസാരിച്ചത് തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന നിലയിലാണ്. “കൊറോണ വന്നത് ചൈനയിൽ നിന്നല്ല…ശിവനിൽ നിന്നാണ് കൊറോണ വന്നത്. ഞാനാണ് ശിവൻ. മാർച്ചോടെ കൊറോണ അപ്രതൃക്ഷമാകും,” കോവിഡ് ടെസ്റ്റിനായി എത്തിയ ആരോഗ്യപ്രവർത്തകരോട് പദ്മജ പറഞ്ഞു. അതേസമയം, മക്കളെ കൊലപ്പെടുത്തിയതിനെ കുറിച്ച് പുരുഷോത്തം നായിഡുവിനോട് ചോദിച്ചപ്പോൾ “എനിക്ക് ഒന്നും പറയാനില്ല,” എന്നു മാത്രമായിരുന്നു പ്രതികരണം.
കോവിഡ് ടെസ്റ്റ് നടത്താൻ പദ്മജ വിസമ്മതിച്ചു. തനിക്ക് കൊറോണ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നാണ് പദ്മജ പറഞ്ഞത്. പിന്നീട് ആരോഗ്യപ്രവർത്തകരും പൊലീസും ഏറെ പണിപ്പെട്ട ശേഷമാണ് പിസിആർ ടെസ്റ്റ് നടത്താൻ പദ്മജ സമ്മതിച്ചത്.
Read Also: ‘ഭാര്യ ഒളിച്ചോടിയതിന്റ വൈരാഗ്യം’; 18 സ്ത്രീകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
അന്ധവിശ്വാസങ്ങളിലും പ്രത്യേക ശക്തികളിലും ആശ്രയിച്ചിരുന്നവരാണ് കുടുംബമെന്ന് പൊലീസ് പറയുന്നു. മക്കളെ കൊലപ്പെടുത്താൻ കാരണമായത് ഈ അന്ധവിശ്വാസങ്ങളാണ്.
പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെൺമക്കളെയും പുരുഷോത്തം നായിഡുവും പദ്മജയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി.വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
പോലീസ് വീട്ടിലെത്തിയപ്പോൾ മൂത്ത മകൾ ആലേഖ്യയെയാണ് ആദ്യം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ തലയിൽ ഭാരമുള്ള ഒരു വസ്തുകൊണ്ട് അടിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ തലമുടി കത്തികരിഞ്ഞ നിലയിലും. ഒരു ലോഹ കഷ്ണത്തിന്റെ ഭാഗം ആലേഖ്യയുടെ വായിൽ കുത്തിനിറച്ചിരുന്നു. സായി ദിവ്യയും തലയിൽ അടി കിട്ടി കൊല്ലപ്പെട്ട നിലയിലായിരുന്നു. പുരുഷോത്തം നായിഡുവിനും പദ്മജയ്ക്കും പരുക്കുകളൊന്നും ഇല്ലായിരുന്നു. എന്നാൽ, ഇരുവരും പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിച്ചിരുന്നു. കൊല്ലപ്പെട്ട മക്കൾ പുനർജനിക്കുമെന്നാണ് പൊലീസിനോട് ഇരുവരും പറഞ്ഞത്.
Read Also: ‘സർക്കാർ ചടങ്ങിൽ കുട്ടികളെ കഷ്ടപ്പെടുത്തി’; വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
രസതന്ത്രത്തിൽ പിഎച്ച്ഡിയും എംഫിലും നേടിയ പുരുഷോത്തം നായിഡു സർക്കാർ കോളേജിൽ വൈസ് പ്രിൻസിപ്പലാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐഐടി പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തിൽ അധ്യാപികയായിരുന്നു. എംഎസ്സി മാത്സിൽ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് പദ്മജ.