അമ്പത് വർഷം മുമ്പ് മെയ് 25നു ബംഗാളില്‍ നടന്ന ഒരു ജനകീയ പ്രക്ഷോഭം രാജ്യത്തിന്‍റെ പിന്നീടുള്ള കാലത്തെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിക്കുന്നതായി. എന്നാല്‍ ആ മുന്നേറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച നാട്ടിലെ ജനത കാലത്തോടൊപ്പം മാറിവന്ന പുതിയ ഭൂപ്രഭുക്കളേയും ഭൂവുടമകളെയും എതിര്‍ക്കാന്‍ ശക്തി ചോര്‍ന്നിയിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ യുദ്ധത്തില്‍ അവിടെ എന്ത് സംഭവിക്കുന്നു. പ്രക്ഷോഭങ്ങളുടെ അതേ ഭൂമികയില്‍ നിന്നും ഇഷാ റോയി നടത്തുന്ന വിവരണം

1967 മാര്‍ച്ചിലാണ് ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലെ കര്‍ഷകര്‍ ഭൂവുടമകളുടെ ചൂഷണത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്. രാജ്യം ഇതുവരെ കാണാത്ത പ്രമുഖമായൊരു മുന്നേറ്റത്തിനായിരുന്നു അന്ന് ഡാര്‍ജിലിംഗ് ജില്ല സാക്ഷ്യം വഹിച്ചത്. ചാരു മജൂംദാര്‍. കനു സന്യാല്‍, ജങ്കാള്‍ സന്താള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പിന്നീട് നക്സലൈറ്റുകള്‍ എന്നറിയപ്പെട്ട കര്‍ഷകര്‍ ഭൂപ്രഭുകളുടെ ഭൂമിപിടിച്ചെടുത്തു. അവരുടെ ഗോഡൗണുകളില്‍ നിന്നും ധാന്യങ്ങള്‍ അപഹരിച്ചു. അത് എല്ലാം കര്‍ഷകര്‍ക്ക് വീതിച്ചും കൊടുത്തു.

ഗ്രാമീണര്‍ക്കെതിരെ അഴിഞ്ഞാടികൊണ്ടായിരുന്നു ഇതിനോടുള്ള ഭരണകൂടത്തിന്‍റെ പ്രതികരണം. പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ മെയ് 24നു ജാരുജോട്ടെ പൊലീസ് സ്റ്റേഷന്‍ ഘരാവോ ചെയ്തു. അവിടെ അരങ്ങേറിയ അക്രമസംഭവത്തില്‍ ഇന്‍സ്പെക്ടര്‍ സോനം വാങ്ങ്ഡി മരണപ്പെടുകയും മറ്റു മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു മറുപടിയായി പിറ്റേദിവസം പൊലീസ് നരനായാട്ടുതന്നെ നടത്തി. അന്നേ ദിവസം നടന്ന പൊലീസ് വെടിവെപ്പില്‍ ഏട്ട് സ്ത്രീകളും രണ്ടു കുട്ടികളും അടക്കം പതിനൊന്നുപേര്‍ മരണപ്പെടുന്നു. പിന്നീടുള്ള അമ്പതുവർഷം ഇന്ത്യയിലും നേപ്പാളിലുമായി പലഭാഗത്തുള്ള മാവോയിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായ ഒരു സായുധ ഗറില്ലാ സമരമാര്‍ഗ്ഗത്തിനാണ് ഈ പൊലീസ് നരനായാട്ട് വഴിയൊരുക്കിയത്. ഇന്ന്, നക്സല്‍ബാരിയിലെ തേയിലതൊഴിലാളികള്‍ ഡാര്‍ജിലീങ്ങ് ചായയുടെ പുതുനാമ്പുകള്‍ നുള്ളുന്ന വേളയില്‍ ആ രക്തരൂഷിത വിപ്ലവം പഴക്കമേറിയൊരു ഓര്‍മയാണ്.

“സില്‍ഗുരി ചലോ” നക്സല്‍ബാരിയുടെ അമ്പതാം വാര്‍ഷികത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ചുമരേഴുതുന്ന സിപിഐ എം എല്‍ ലിബറേഷന്‍ പ്രവര്‍ത്തകര്‍

സിപിഐ(എംഎല്‍) ലിബറേഷനും ചെറു ഘടകങ്ങളായി വിഘടിച്ച മറ്റു എംഎല്‍ പാര്‍ട്ടികളും നടത്തുന്ന നക്സല്‍ബാരിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിനായുള്ള ഒരുക്കം ഒരു ചെറിയ സംഭവം മാത്രമാണ്. അന്നേദിവസത്തെ തലക്കെട്ടുകള്‍ കയ്യേറിയിരിക്കുന്നത് ബിജെപിയാണ്. ബിജെപിക്കു ഉറച്ച സാന്നിദ്ധ്യമാവാന്‍ സാധിക്കാത്ത ബംഗാള്‍, തമിഴ് നാട്, കേരളം, ഒഡിഷ, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ആരംഭിക്കുവാനായി ദേശീയ പ്രസിഡന്റ് അമിത് ഷാ തിരഞ്ഞെടുത്തിരിക്കുന്നത് ഇതേ നക്സല്‍ബാരിയാണ്. “ഈ സ്ഥലത്ത് വച്ചാണ് കലാപം ആരംഭിച്ചത്. ഇതേ നക്സല്‍ബാരിയിലാണ് ഇന്ന് ‘എല്ലാവരുടെയും കൂടെ മോദിജി, എല്ലാവര്‍ക്കും വികസനം’ എന്ന മുദ്രാവാക്യം മുഴങ്ങുന്നതും. വികസനം കലാപത്തെ പരാജയപ്പെടുത്തും എന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ” പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

മെയ് 29 നു നടക്കുന്ന പരിപാടിയില്‍ പാര്‍ട്ടി 220 ഓളം വരുന്ന പുതിയ പ്രവര്‍ത്തകര്‍ക്ക് അംഗത്വം വിതരണം ചെയ്യും എന്നാണ് ബിജെപിയുടെ നക്സല്‍ബാരി ബ്ലോക്ക് പ്രസിഡന്റ് ദിലീപ് ബറൂയി പറയുന്നത്. ഒരുകാലത്ത് ഇടതുരാഷ്ട്രീയം വേരോടിയ മണ്ണില്‍ ഇന്ന് ബിജെപിക്ക് നല്ല വളര്‍ച്ചയാണ് ഉള്ളത് എന്ന് ബറൂയി അവകാശപ്പെടുന്നു. ” നക്സല്‍ബാരി, മതിഗര, ബാഗ്ഡോഗ്ര, ബതാസി എന്നിവിടങ്ങളില്‍ നിന്നായി സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ നിന്നുള്ള അനേകം പ്രവര്‍ത്തകരും നേതാക്കളും അന്നേദിവസം ഞങ്ങളുടെ കൂടെ ചേരും” ബറൂയി പറയുന്നു.

കഴിഞ്ഞതവണ, 2014ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ എല്ലാ പഞ്ചായത്തുകളിലും ബിജെപിയ്ക്ക് ഒന്നോ രണ്ടോ സീറ്റ് നേടാന്‍ പറ്റി എന്നും ബറൂയി ചൂണ്ടികാണിക്കുന്നു. 2016ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി തൃണമൂല്‍ സ്ഥാനാര്‍ഥിയുമായി ഒപ്പത്തിനൊപ്പം മത്സരത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ മൂന്നാം സ്ഥാനക്കാരാവുകയും ചെയ്തിരുന്നു. സിപിഎം- കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി ജയിച്ചയിടത്ത് വോട്ടുകള്‍ തമ്മിലുള്ള അകല്‍ച്ച കുറഞ്ഞുവരികയാണ് എന്നാണ് ബിജെപിയുടെ അവകാശവാദം. “ഇതൊരു ഇടതുപക്ഷ അപ്രമാദിത്വം നിലനിന്ന പ്രദേശമാണ്. എന്നാല്‍ ഇനിയുള്ള കാലത്ത് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നത്തില്‍ അര്‍ത്ഥമില്ല എന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ബിജെപിയാണ് ഭാവി” ബറൂയി പറയുന്നു.

നക്സല്‍ബാരിക്കായുള്ള ബിജെപിയുടെ ഈ കാമ്പൈനിനു വലിയ കാരണങ്ങള്‍ ഉണ്ട് എന്നാണ് സിപിഐ(എംഎല്‍) ലിബറേഷന്‍ ജില്ലാ സെക്രട്ടറിയും ചാരു മജൂംദാറിന്‍റെ മകനുമായ അഭിജീത് മജൂംദാര്‍ പറയുന്നത്. ” രാജ്യമൊട്ടാകെ അലയടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ തടുത്തു നിര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരു ശക്തി മാത്രമാണ് ഉള്ളത് എന്ന് അമിത് ഷായ്ക്ക് ഉത്തമ ബോധ്യമുണ്ട്. ഉത്തര്‍പ്രദേശിലെ ചരിത്രവിജയത്തിനു ശേഷവും അമിത് ഷാ ആഘോഷിച്ചില്ല. മറിച്ച്, കേരളവും ബംഗാളും പിടിച്ചെടുക്കുന്നതോടുകൂടിയാണ് ബിജെപിയുടെ സുവര്‍ണകാലം വരിക എന്ന് പ്രസ്താവിക്കുകയാണ് ചെയ്തത്. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം പുഷ്ടിക്കണം എങ്കില്‍ ഇടതു രാഷ്ട്രീയം ഇല്ലാതാവണം എന്ന് അമിത് ഷായ്ക്ക് നല്ലപോലെ അറിയാം.”

പഴയ തേയില തോട്ടങ്ങള്‍ വച്ചു രൂപപ്പെട്ട നക്സല്‍ബാരി ബ്ലോക്ക് ആറു ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ്. എന്നാല്‍ ഇന്ന് ഇവിടെ തേയിലകളിലൂടെയല്ല, മറ്റു പുതുമകളുടെ കാറ്റാണ് അടിക്കുന്നത്. പ്രദേശത്തേ കീറിമുറിച്ചുപോവുന്ന ദേശീയപാത ആറു വരികളായി വികസിപ്പിച്ചിരിക്കുന്നു. ഫ്ലൈയോവറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഭീമാകാരന്‍ ഹോട്ടലുകളും ആഡംബരം നിറഞ്ഞ മാളുകളും ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍കൂടെ റിയല്‍ എസ്റ്റേറ്റ് കൊയ്ത്തുകാലത്തിലൂടെ കടന്നു പോവുകയാണ് ഇപ്പോഴത്തെ നക്സല്‍ബാരി.

ഇന്ന് ഇവിടെ ഭൂവകാശങ്ങള്‍ ഉന്നയിച്ചുള്ള പ്രതിഷേധങ്ങളില്ല, വെടിയൊച്ചകള്‍ ഇല്ല. പുതിയകാലത്തെ ഭൂമാഫിയകളും ഭൂവുടമകളും ചൂഷണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അരനൂറ്റാണ്ട് മുന്നേത്തതുപോലെ ‘മണ്ണിന്‍റെ അവകാശം അത് ഉഴുതുന്നവന്’ എന്ന മുദ്രാവാക്യങ്ങളില്ല. എന്നാലും ഭൂമിക്കുവേണ്ടിയുള്ള അവകാശവാദം ഇന്ന് നിശബ്ദമെങ്കിലും കൂടുതല്‍ പടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇന്‍സ്പെക്ടര്‍ വാങ്ങ്ഡി വധിക്കപ്പെട്ടിടുത്ത് നിന്ന് അധികമൊന്നും അകലെയല്ലാതെ ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്താണ് ജാരുജോട്ടെയില്‍ ആണ് ഒരു ആദിവാസി വിദ്യാലയം നിലനിന്നത്. അവിടത്തെ അദ്ധ്യാപകന്‍ ആയിരുന്നു ഇരുപത്തിരണ്ടുകാരനായ മണി മഹാതോ. നാട്ടുകാരൊക്കെ ഏറെ ബഹുമാനിക്കുന്ന ഈ ചെറുപ്പക്കാരന്‍ 2011ല്‍ സ്കൂള്‍ എന്നന്നേക്കുമായി അടച്ചതോടെ അദ്ധ്യാപനം നിര്‍ത്തി. ഇപ്പോള്‍ ഒരു ചെറിയ കടയിട്ട് ചാട്ട് വിറ്റ്‌ ജീവിക്കുകയാണ് അദ്ദേഹം.

“ഏതാനും വര്‍ഷങ്ങള്‍മുന്നേയാണ്‌ ഭൂവുടമയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെട്ട ഭൂമാഫിയ ഞങ്ങളെ സമീപിക്കുന്നത്. നഷ്ടപരിഹാരം കൈപ്പറ്റികൊണ്ട് ഞങ്ങളുടെ ഭൂമി അവര്‍ക്ക് നല്‍കുക എന്നതാണ് അവര്‍ ആവശ്യപ്പെട്ടത്. ഇല്ലാത്തപക്ഷം കോടതി കയറിയിറങ്ങി നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുമെന്നും അവര്‍ ഞങ്ങളോട് പറയുകയുണ്ടായി. ഞങ്ങളൊക്കെ ഭയക്കുകയായിരുന്നു. ഒരുപാട് പേര്‍ കിട്ടുന്ന കാശും വാങ്ങിക്കൊണ്ട് ഭൂമി തിരികെനല്‍കി. 1.5 ബിഘാ ഭൂമി നല്‍കിയ എനിക്കും കിട്ടി 2 ലക്ഷം രൂപ” 1967ലെ പ്രക്ഷോഭത്തിനു ശേഷം ഭൂവവകാശം കൈപറ്റിയ മഹാത്തോ പറയുന്നു.

ഭൂവുടമയുടെ പിന്മുറക്കാര്‍ എന്ന പേരില്‍ വന്ന പലരും വ്യാജന്മാര്‍ ആണെന്ന് അദ്ദേഹം പറയുന്നു.യതാര്‍ത്ഥത്തിലുള്ളവര്‍ വന്നപ്പോള്‍ അവര്‍ക്കും ഭൂമാഫിയയുമായി ധാരണയുണ്ടാക്കേണ്ടതായി വന്നു. “മണിപ്പൂര്‍, നാഗാലാ‌‍ന്‍ഡ്, ഷില്ലോങ്ങ് എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് മാഫിയ ഭൂമി മറിച്ചുവിറ്റത്. സ്വന്തം നാട്ടില്‍ ഭൂമി വാങ്ങാന്‍ സാധിക്കാത്ത നേപ്പാളി കുടുംബങ്ങളും ഇവിടെ വന്നു താമസമാക്കി”. പ്രദേശത്ത് തന്നെ ജീവിച്ച് അവിടത്തെ മണ്ണ് ഉഴുതും വിത്ത് വിതച്ചും ജീവിതം തള്ളിനീക്കിയ അമ്പതോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ ഇപ്പോള്‍ ദിവസവേതനം പറ്റുന്ന തൊഴിലാളികളാണ്. ” ഭൂമി നഷ്ടപ്പെട്ടതോടെ പലരും നാട് വിട്ടിരിക്കുന്നു. ഒട്ടേറെപ്പേര്‍ തൊഴില്‍ അന്വേഷിച്ചുകൊണ്ട് കേരളത്തിലും ഗുജറാത്തിലും ചെന്നൈയിലെക്കുമൊക്കെ പോയിട്ടുണ്ട്” മഹാതൊ പറയുന്നു.

താന്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പക്ഷത്തായിരുന്നു എന്നും അദ്ദേഹം സമ്മതിക്കുന്നു ( വെറും 40 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്). “സിപിഎം ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. തൃണമൂലിന്റെ കാര്യവും മറിച്ചല്ല. ആദ്യമായി അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ പാര്‍ട്ടി ഞങ്ങളെ സഹായിക്കും എനായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഞങ്ങള്‍ കോണ്‍ഗ്രസിനേയും ഇടതുപക്ഷത്തേയും തൃണമൂലിനേയും മാറി മാറി പരീക്ഷിച്ചു. ഇനി ബിജെപിക്കും ഒരവസരം നല്‍കാം.”

ബിട്ടാന്‍ ജോട്ടെയില്‍ ജീവിക്കുന്ന 62 കാരനായ കന്ദ്ര മുര്‍മു നക്സല്‍ ഗറില്ല സംഘത്തിലെ ആദ്യകാല അംഗമായിരുന്നു. ഒരുകാലത്ത് ‘വിമോചിത പ്രദേശം’ ആയ അദ്ദേഹത്തിന്റെ നാടുപോലെ തന്നെ അദ്ദേഹവും ഇപ്പോള്‍ നിരാകുലതയിലാണ്. കൊയ്ത്തുകാരുടെതായ കുടുംബത്തില്‍ നിന്നും വരുന്ന മുര്‍മു ഇപ്പോഴും തന്റെ ഒരു ബിഘയുള്ള ഭൂമി ഉഴുതാണ് ജീവിക്കുന്നത്.സഹായത്തിനായി മകന്‍ കൂടെയുണ്ട്. നെല്ലു കൊയ്തുകൊണ്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ചണകൃഷിയിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും ഭൂമിക്കായുള്ള യുദ്ധം തിരിച്ചുവന്നിരിക്കുന്നു എന്നദ്ദേഹം തിരിച്ചറിയുന്നു.

“പ്രക്ഷോഭം കഴിഞ്ഞപ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഭൂമി ലഭിച്ചു എന്ന് ചാരുമജൂംദാര്‍ ഉറപ്പുവരുത്തിയിരുന്നു. ഭൂവുടമകളെ നീക്കിനിര്‍ത്തികൊണ്ട് ഞങ്ങള്‍ക്കൊക്കെ പട്ടയം ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇന്നും ഈ മണ്ണ് ഭൂവുടമകളുടെ പേരിലാണ്. ഇതിന്റെ പേരില്‍ ഞാന്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.” അദ്ദേഹം പറഞ്ഞു. “ഇനിയും ആയുധമെടുക്കാന്‍ എനിക്ക് സാധിക്കില്ല. അതിനുതകിയ സാഹചര്യമല്ല ഇന്ന് നിലവിലുള്ളതും.” ഏതാനും നിമിഷം നിശബ്ദനായശേഷം അദ്ദേഹം തുടര്‍ന്നു.

പന്ത്രണ്ടാമത്തെ വയസില്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന മുര്‍മു ഏറെ വര്‍ഷം ഒളിവിലും കഴിഞ്ഞിട്ടുണ്ട്. തന്‍റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നല്‍കിയ മുന്നേറ്റത്തിന്‍റെ വിധിയില്‍ ഇന്ന് അദ്ദേഹം ദുഖിതാനാണ്. “നക്സല്‍ബാരി നടന്നില്ലായിരുന്നു എങ്കില്‍ ഭൂവുടമകളുടെ ഭരണം ഇന്നും നിലനില്‍ക്കുമായിരുന്നു. എന്നാല്‍ കര്‍ഷകന്‍ ഇന്നും ഭൂവവകാശം ഇല്ലാത്തവരായി തുടരുന്നു. ഇന്നത്തെ യുദ്ധം വ്യത്യസ്തമാണ് കൂടുതല്‍ കഠിനവുമാണ്. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്” മുര്‍മു പറഞ്ഞു.

നക്സല്‍ബാരി- മതിഗര- ബാഗ്ഡോര പ്രദേശങ്ങളിലായി ഭൂമി കയ്യേറ്റം നടന്ന ഒട്ടനവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഡാര്‍ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ് ജോയ്ശ്രീ ദാസ്ഗുപ്തയും സമ്മതിക്കുന്നു. “കൃഷിയിറക്കുവാനായാണ് സര്‍ക്കാര്‍ ആദിവാസികുടുംബങ്ങള്‍ക്ക് പട്ടയഭൂമി നല്‍കിയിരിക്കുന്നത്. അവരുടെ ഇഷ്ടപ്രകാരം ആണ് അത് വില്‍ക്കുന്നത് എങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുന്നതിനു പരിമിതികളുണ്ട്.” അവരുടെ കൈകള്‍ പരാതി ഉയര്‍ത്താത്തവിധം ബന്ധിതമാണ് എന്ന് സമ്മതിച്ച അവര്‍ ” ഒരു പ്ലോട്ടിന് മൂന്നും നാലും ലക്ഷം രൂപ കൈപറ്റിക്കൊണ്ടാണ് പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വിറ്റിരിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇതിനെതിരായുള്ള നടപടി പരിഗണനയിലാണ്” എന്നും കൂട്ടി ചേര്‍ത്തു.

ഹതിഘീസ ഗ്രാമത്തിലെ 74 വയസ്സുളള ശാന്തി മുണ്ട നക്സല്‍ബാരി പ്രക്ഷോഭത്തിലെ ഏറെ അറിയപ്പെടുന്ന ഒരു മുഖമാണ്. തന്‍റെ ഗ്രാമത്തിലും ഇന്ന് സ്ഥിതി മറിച്ചല്ല എന്നാണ് അന്ന് കൈകുഞ്ഞുമായി പ്രക്ഷോഭത്തോടൊപ്പം അണിചേര്‍ന്ന ശാന്തി പറയുന്നത്. “ഇവിടെ ആര്‍ക്കും ഒരു തൊഴിലും ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും ജീവിക്കാമെന്ന് വച്ചാല്‍ അതിനായുള്ള ഭക്ഷണം കൂടിയില്ല. ആളുകളൊക്കെ അവരുടെ ഭൂമി വിറ്റു. ദുവാറില്‍ 16ഓളം തേയില തോട്ടങ്ങള്‍ ആണ് അടച്ചുപൂട്ടിയത്. ഈ പ്രദേശത്ത് മാത്രമായി നാലു തേയില തോട്ടങ്ങള്‍ പൂട്ടി. അടച്ചുപൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആ രണ്ടു രൂപ നല്‍കണം എങ്കിലും എന്തെങ്കിലും വരുമാനം വേണമല്ലോ” അവര്‍ പറയുന്നു.

Naxalite, Naxalbari, Kandra Murmu

കന്ദ്ര മുണ്ട

മുണ്ട ഒരു തവണ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 1982ല്‍ 3,500 വോട്ടുകള്‍ ആണ് അവര്‍ നേടിയത്. “മോദിയുടെ ആളുകള്‍” തന്നെയും കാണാന്‍ വന്നിട്ടുണ്ട് എന്ന് മുണ്ട പറയുന്നു. “‘നിങ്ങള്‍ ബുള്ളറ്റ് കൊണ്ട് നേടാന്‍ ശ്രമിച്ചത് ഞങ്ങള്‍ ബാലറ്റ് കൊണ്ട് നേടിത്തരും’ എന്നാണ് അവര്‍ പറയുന്നത്. മറ്റൊരുതവണ അവര്‍ പറഞ്ഞത് ഹതിഘിസയില്‍ പുതിയൊരു ഗ്രാമം പണിയാം എന്നും അതൊരു മാതൃക ഗ്രാമം ആക്കും എന്നുമായിരുന്നു.”

ഇന്ത്യയിലെ മറ്റേത് നഗരത്തേയും പോലെ വികസിച്ചുകൊണ്ടിരിക്കുന്ന നക്സല്‍ബാരി പട്ടണത്തില്‍ 35 വര്‍ഷമായി ഹീറോ സൈക്കിളിന്റെ ഡീലര്‍മാരായി ആയി പ്രവര്‍ത്തിക്കുകയാണ് നന്തു ഘോഷിന്‍റെ കുടുംബം. “നക്സല്‍ബാരി പട്ടണം ഒരിക്കലും നക്സലുകളുടെ പ്രശ്നം അനുഭവിച്ചിട്ടില്ല” എന്നാണ് നന്തു സാക്ഷ്യപ്പെടുത്തുന്നത്. “ഇവിടെ ഒരു ബിഎസ് എഫ് ക്യാമ്പ്‌ ഉണ്ട്.അതുകൊണ്ട് തന്നെ നക്സലുകള്‍ ഈ പ്രദേശത്തെ ഇപ്പോഴും ഒഴിച്ചുവിട്ടിട്ടുണ്ട്. എങ്കിലും പട്ടണത്തിലും ഏതു സമയവും ഭയത്തിന്‍റെതായ ഒരു അന്തരീക്ഷം മൂടിനില്‍ക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും തുണിത്തരങ്ങളും മധുരപലഹാരങ്ങളും വില്‍ക്കുന്ന കടകളുടെ നിരയ്ക്കു മുന്നില്‍ ഇരുന്നുകൊണ്ട് നന്തു പറയുന്നു.

“നക്സല്‍ മുന്നേറ്റം “തീര്‍ന്നത് നന്നായിപ്പോയി” ഇന്ത്യയില്‍ ഒരുകാലത്തും നല്ലതൊന്നും സംഭവിക്കില്ല. ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്. എല്ലാവരും അഴിമതിക്കാരുമാണ്. നക്സലുകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല എങ്കില്‍ അത് മറ്റാര്‍ക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് ഇവിടെയുള്ളത് ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ്. സിപിഎമ്മുമായി സഖ്യം ചേര്‍ന്നതുകൊണ്ടാണ് അയാള്‍ ഇവിടെ ജയിച്ചത്. ഇടതുപക്ഷവും ഇന്ന് തളര്‍ച്ചയിലാണ്. മമതാ ബാനര്‍ജിയോട് കിടപിടിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടി മാത്രമേ ഇന്നുള്ളൂ. അത് ബിജെപിയാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നന്തു ഘോഷ് പറയുന്നു.

മിക്ക രാഷ്ട്രീയപാര്‍ട്ടികളും ചെയ്യുന്നത് ‘തരംതാണ രാഷ്ട്രീയം’ ആണ് എന്നാണ് നന്തു ഘോഷ് മനസ്സിലാക്കുന്നത്. “നക്സല്‍ നേതാക്കളൊക്കെ മരിച്ചിരിക്കുന്നു. കനു സന്യാല്‍ മരിച്ചത് കൊടിയ ദാരിദ്ര്യത്തിലാണ്. ഇക്കാലത്ത് വിപ്ലവകാരിയാവാന്‍ ആര്‍ക്കും സാധിക്കില്ല. ഒരാള്‍ക്ക് സ്വന്തമായി ജീവിച്ചു പോവുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുക എന്നത് തന്നെ ഇന്ന് വലിയൊരു ബാധ്യതയാണ്” ഘോഷ് പറഞ്ഞു നിര്‍ത്തി.

1999ലാണ് ആര്‍എസ്എസ് പ്രവർത്തകനായ സുജിത് ദാസ് നക്സല്‍ബാരിയില്‍ ശാരദ ശിശു തീര്‍ഥ വിദ്യാലയം സ്ഥാപിക്കുന്നത്. സ്കൂളിന്‍റെ പ്രധാനാധ്യാപകാനും അദ്ദേഹം തന്നെയാണ്. ഒറ്റമുറിയില്‍ ആരംഭിച്ച വിദ്യാലയം 2002ഓടെയാണ് പട്ടണത്തില്‍ രണ്ടേക്കര്‍ ഭൂമി സ്വന്തമായി വാങ്ങാനുള്ള പണം സുജിത് ദാസ് സ്വരൂപിക്കുന്നത്. ഇന്ന് 539 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണിത്. ഇതില്‍ ബഹുഭൂരിപക്ഷവും പട്ടികജാതി പട്ടികവര്‍ഗത്തില്‍ നിന്നുമുള്ളവരാണ്. എട്ടാം ക്ലാസ് വരെയുള്ള ഈ വിദ്യാലയം ഇന്ന് നക്സല്‍ബാരിയിലെ ഏറ്റവും വലിയ പ്രാഥമികവിദ്യാഭ്യാസകേന്ദ്രം ആണ്. പത്താംക്ലാസ് വരെയുള്ള സ്ഥാപനമായി മാറാനാണ് ശാരദ ശിശു തീര്‍ഥ ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത് എന്ന് സുജിത് ദാസ് പറയുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ഇതിന്‍റെ രാജിസ്റ്ററേഷനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. “ഞങ്ങള്‍ ആരംഭിച്ചപ്പോള്‍ നക്സല്‍ബാരിയില്‍ ഏതാനും സ്വകാര്യ പ്രാഥമിക വിദ്യാലയങ്ങളും ഒരേയൊരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും മാത്രമാണ് ഉണ്ടായിരുന്നത്. ആളുകള്‍ക്ക് അവരുടെ കുട്ടികളെ സ്കൂളില്‍ അയക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും അതിനായൊരു ഇടം ഇല്ലായിരുന്നു.” ദാസ്‌ പറയുന്നു.

പതിവ് വിദ്യാഭ്യാസത്തിനു പുറമേ ഇവിടത്തെ വിദ്യാര്‍ഥികള്‍ യോഗ, സന്മാര്‍ഗപാഠം, സംഗീതം എന്നിവ പഠിക്കുന്നുണ്ട്. സംഗീതക്ലാസില്‍ അവരെ ‘ദേശഭക്തി’ ഗാനമാണ് പഠിപ്പിക്കുന്നത് എന്നും സസ്യഭോജനരീതി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും ദാസ് പറയുന്നു.

“സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘ശിവിര്‍ ക്യാമ്പില്‍’ കുട്ടികളെ രണ്ടും മൂന്നും ദിവസം സ്കൂളില്‍ തന്നെ താമസിപ്പിച്ചുകൊണ്ട് ‘ശരിയായ ജീവിതരീതി’ പഠിപ്പിക്കുന്നുണ്ട്. വേണ്ടത്ര ജീവിത സാഹചര്യങ്ങള്‍ ഇല്ലാത്ത ആദിവാസി മേഖലകളിലും തേയില തോട്ടങ്ങളിലും അവരുമായി ചെന്ന് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാറുണ്ട്. ” ഞങ്ങള്‍ പല സാമൂഹ്യ സേവന പരിപാടികളും നടത്തുനുണ്ട്. പനിഘട്ടയിലെ തേയിലതോട്ടങ്ങള്‍ പൂട്ടിയപ്പോള്‍ തേയില തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളാണ് ഒന്നര മാസത്തെ ഭക്ഷണം കൊടുത്തത്” ദാസ് പറയുന്നു.

ഉത്തരബംഗാളിലെ 60 ശതമാനം വോട്ടുകളും തേയിലത്തോട്ട മേഖലയില്‍ നിന്നാണ്. നക്സല്‍ബാരി പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖയുടെ ഉപദേശകന്‍ കൂടിയാണ് ദാസ്. എണ്ണം വെളിപ്പെടുത്തുന്നില്ല എങ്കില്‍ കൂടിയും “ആര്‍എസ്എസ് ഇവിടെ നല്ല വളര്‍ച്ചയിലാണ്” എന്നാണ് ദാസ് പറയുന്നത്. നക്സല്‍ബാരിയില്‍ നിന്നുള്ള പതിനേഴു സ്വയംസേവകര്‍ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മാല്‍ഡയിലുള്ള ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും അദ്ദേഹത്തില്‍ നിന്നും അറിയാന്‍ സാധിക്കുന്നു.

നക്സല്‍ബാരിയില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഇടതുപക്ഷത്തിനു നല്ല ബോധ്യമുണ്ട്. സിപിഐ(എംഎല്‍) ലിബറേഷന്‍റെ ഓഫീസ് കെട്ടിടത്തിനു മുന്നില്‍ “ആര്‍എസ്എസ്-ബിജെപി സഖ്യത്തിന്‍റെ അക്രമങ്ങളെ ചെറുക്കുക” എന്ന് എഴുതിവെച്ചിരിക്കുന്നതു കാണാം. നക്സല്‍ബാരിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സിലിഗുരിയില്‍ മാര്‍ച്ചും പൊതുപരിപാടിയും ലിബറേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ധാരാളം കമ്മ്യൂണിസ്റ്റുകാര്‍ അവിടെയ്ക്ക് എത്തിച്ചേരും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള എഴുപത്തഞ്ച് സാംസ്കാരിക ആക്റ്റിവിസ്റ്റ് ട്രൂപുകളുടെ പ്രകടനവും ഒരുക്കുന്നുണ്ട്.

ബിജെപിയുടെ ആക്രമങ്ങള്‍ തടുക്കുന്നതില്‍ ഇടതുപക്ഷങ്ങള്‍ പരാജയമാണ് എന്ന വിമര്‍ശനം നിലനില്‍ക്കുന്നതായി അഭിജീത് മജൂംദാര്‍ ചൂണ്ടിക്കാണിക്കുന്നു “2014ല്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ഡല്‍ഹിയില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ബിജെപിക്ക് ഉള്ളത് കോര്‍പ്പറേറ്റ്- ഫാസിസ്റ്റ് അജണ്ട ആണ് എന്ന നിരീക്ഷണത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനെതിരെ എല്ലാ ഇടതുപാര്‍ട്ടികളും അടിയന്തിരമായി തന്നെ ഒന്നിച്ചു നില്‍ക്കുകയും ഒരു മുന്നണിയായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതായുണ്ട്. ആം ആദ്മി പാര്‍ട്ടിയെ പോലും ഞങ്ങള്‍ ആ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. ഈ ആവശ്യത്തോട് ആദ്യം പ്രതികരിച്ചത് പ്രകാശ് കാരാട്ട് ആണ്. എന്നാല്‍ ആ ഉദ്യമം ഇനിയും ആരംഭിക്കാനിരിക്കുന്നത്രേ.” മാര്‍ക്സും ലെനിനും സ്റ്റാലിനും മാവോയും അടങ്ങിയ ഇടതു ചിഹ്നങ്ങളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് അഭിജീത് മജൂംദാര്‍ പറഞ്ഞു.

തങ്ങള്‍ക്ക് ബിജെപിയെപറ്റി ഭയമില്ല എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഡാര്‍ജില്ലിംഗ് ജില്ല വൈസ് പ്രസിഡന്റ് അമര്‍ സിന്‍ഹ പറയുന്നത്. “നക്സല്‍ബാരിയിലെ ബിജെപി എന്നാല്‍ ആര്‍എസ്എസ് തന്നെയാണ്. അവര്‍ അവരുടെ പതിവ് വര്‍ഗീയരാഷ്ട്രീയം കളിക്കുകയാണവിടെ. ഞങ്ങള്‍ ഇതിനെതിരെ ബോധവല്‍ക്കരണ കാമ്പൈനുകള്‍ നടത്തുന്നുണ്ട്. എന്താണ് നടക്കുന്നത് എന്ന് ജനങ്ങളോട് വിശദീകരിക്കുന്നുമുണ്ട്. പലരും ബിജെപിയില്‍ ആകൃഷ്ടരാണ് എന്നത് സത്യമാണ്. എന്നാല്‍ വലിയൊരുവിഭാഗം അതിനെതിരായുമുണ്ട്.” അമര്‍ സിന്‍ഹ പറഞ്ഞു.

“ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു ബിജെപി തന്ത്രം” മാത്രമാണ് അമിത് ഷായുടെ സന്ദര്‍ശനം എന്നാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ഒ. പി.മിശ്ര പറയുന്നത്. “കോണ്‍ഗ്രസ്- സിപിഎം സഖ്യം ഇവിടെ ശക്തമാണ്.” നക്സല്‍ബാരി പ്രദേശത്തെ ഭൂമാഫിയ തൃണമൂലിന്റെ നിയന്ത്രണത്തിലാണ് എന്നാണ് മിശ്രയുടെ പക്ഷം. “നക്സല്‍ബാരി സിലിഗുരിയുമായി അടുത്ത് നില്‍ക്കുന്ന പ്രദേശമാണ്. ഡാര്‍ജിലീങ്ങിന്റെ അടിവാരത്തിലാണ് അത് എന്നതിനാല്‍ തന്നെ അവിടത്തെ ഭൂമിയുടെ വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മുതലെടുക്കുകയാണ് അവിടത്തെ ഭൂമാഫിയ. ഭരണകര്‍ത്താക്കള്‍ക്കും പൊലീസിനും പക്ഷപാതമുള്ളതുകൊണ്ടാണ് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതും. തേയില തോട്ടങ്ങള്‍ പലതും അടച്ചുപൂട്ടി, സാമ്പത്തികമായി തകര്‍ച്ച കൂടിയായപ്പോള്‍ കനത്ത നിരാശയിലാണ് ജനങ്ങള്‍.”

ഇടതുപക്ഷത്തിനു മരണക്കുറിപ്പ്‌ എഴുതാന്‍ ആയിട്ടില്ല എന്നാണ് ശാന്തി മുണ്ട വിശ്വസിക്കുന്നത്. “നക്സലൈറ്റുകള്‍ അപ്രസക്തരായി എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് സത്യമല്ല. ഒന്നും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ മടങ്ങി വരിക തന്നെ ചെയ്യും. ”

സിപിഐ(എംഎല്‍) ജനറല്‍സെക്രട്ടറി പാര്‍ത്ഥാ ഘോഷും അതിനോട് യോജിക്കുന്നു. “ഞങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടാവും. പല നക്സലൈറ്റുകളേയും തുടച്ചു നീക്കി കാണും. എന്നാല്‍ പ്രതിരോധിക്കാന്‍ തയ്യാറാവുന്ന ഓരോരുത്തരും നക്സലൈറ്റ് ആണ്. സ്മൃതി ഇറാനിക്കെതിരെ നിന്ന ജെഎന്‍യു വിദ്യാർത്ഥികളും, ചൂഷണം എതിര്‍ത്ത മാരുതി ഫാക്റ്ററിയിലെ തൊഴിലാളികളും പോസ്കോയ്ക്ക് എതിരായ മുന്നേറ്റത്തിലുള്ളവരും ഒക്കെ നക്സലൈറ്റ് ആണ്.” ഘോഷ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ