ന്യൂഡല്‍ഹി: 2014ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എന്നാണ് നിക്ഷേപിക്കുകയെന്ന ചോദ്യത്തിന് കൈമലര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ചോദ്യത്തിന് ഇത് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നും അത്കൊണ്ട് ഉത്തരം പറയാന്‍ ആവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
നോട്ട് നിരോധനത്തിന് 18 ദിവസം കഴിഞ്ഞ് 2016 നവംബര്‍ 26നാണ് മോഹന്‍ കുമാര്‍ ശര്‍മ്മ എന്നയാള്‍ വിവരാവകാശ കമ്മീഷന് ഇത് സംബന്ധിച്ച വിശദീകരണം തേടി അപേക്ഷ സമര്‍പ്പിച്ചത്. മോദി പ്രഖ്യാപിച്ച 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടില്‍ എന്ന് നിക്ഷേപിക്കുമെന്ന് അറിയണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും തയ്യാറായില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാതൂര്‍ ശര്‍മ്മയെ അറിയിച്ചു.
വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെയെത്തിച്ച് ഓരോ പാവപ്പെട്ടവന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നത്. അതുപ്രകാരം വാഗ്ദാനം ചെയ്ത ആ 15 ലക്ഷം രൂപ എന്ന് എന്റെ അക്കൗണ്ടില്‍ എത്തിച്ചേരുമെന്നും അഴിമതി ഇല്ലാതാക്കുവാന്‍ പുതിയ നിയമം എപ്പോള്‍ കൊണ്ടുവരുമെന്നുമാണ് ശര്‍മ്മ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരിക്കുന്നത്.
അഴിമതി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പ്രചാരണകാലത്ത് പറഞ്ഞിരുന്നു. എന്നാല്‍, അഴിമതി 90 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ പണക്കാര്‍ക്കു മാത്രം സഹായകമാകുന്നതാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റെയില്‍വേ ടിക്കറ്റില്‍ അനുവദിച്ച 40 ശതമാനം ഇളവ് എന്‍ഡിഎ സര്‍ക്കാര്‍ എടുത്തു കളയാന്‍ പോവുകയാണെന്നും അപേക്ഷയില്‍ ശര്‍മ്മ പറയുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് ശര്‍മ്മമ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.