ടോക്കിയോ: ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഏറെ വളര്‍ച്ച കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ പറഞ്ഞു. ഒരു കുപ്പി വെളളത്തേക്കാളും കുറഞ്ഞ വിലയ്ക്ക് 1 ജിബി ഡാറ്റ രാജ്യത്ത് ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഡിജിറ്റല്‍ സംവിധാന മേഖലയില്‍ ഇന്ത്യ വളരെ വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഗ്രാമങ്ങളേയും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയാല്‍ ബന്ധിക്കുകയാണ്. ഇന്ത്യയില്‍ 100 കോടിയിലധികം മൊബൈലുകളാണ് ഇപ്പോള്‍ ആക്ടിവായിട്ടുളളത്. ഒരു കുപ്പി തണുത്ത വെളളത്തേക്കാളും വില കുറവാണ് 1 ജിബി ഡാറ്റയ്ക്ക്,’ കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്ത്യ പദ്ധതി ഒരു ആഗോള ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് നിര്‍മാണരംഗത്ത് ഇന്ത്യ ഒരു ആഗോള ഹബ്ബ് ആയി മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ നിര്‍മാണരംഗത്തും നമ്മുടെ രാജ്യം അതിവേഗമാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നൂറ് സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ ഒരു റെക്കോഡാണ് സൃഷ്ടിച്ചത്. ചന്ദ്രയാനും മംഗള്‍യാനും വളരെ കുറഞ്ഞ ചെലവിലാണ് നമ്മള്‍ വിക്ഷേപിച്ചത്. 2022ല്‍ ഗഗന്‍യാനിനെ ബഹിരാകാശത്ത് എത്തിക്കാനുളള തയാറെടുപ്പുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.ഒക്ടോബര്‍ 31ന് നടക്കാനിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക പരിപാടികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകത ദിവസ് ആയാണ് ആചരിക്കുന്നത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ തീര്‍ച്ചയായും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ നിര്‍മാണം ഗുജറാത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് പൂര്‍ത്തിയായതായും പ്രധാനമന്ത്രി പറഞ്ഞു.

പതിമ്മൂന്നാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിക്കായി ഞായറാഴ്ച ജപ്പാന്‍ നഗരമായ യമനാസിയിലെത്തിയ മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തില്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. ശനിയാഴ്ച ടോക്യോയിലെത്തിയ മോദി അവിടത്തെ ഇന്ത്യന്‍സമൂഹവുമായി കൂടിക്കാഴ്ച നടത്തി.ഇന്തോ-പസഫിക് മേഖലയിലെയും പ്രതിരോധ-സുരക്ഷാ മേഖലയിലെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഉച്ചകോടിയിലെ പ്രധാന അജന്‍ഡ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook