ശാസ്ത്രത്തിൽ വെളളം ചേർക്കാൻ പാടില്ലെന്നും പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടി ദേശീയ സെമിനാർ നടത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദകർ പറഞ്ഞു.
ചാൾസ് ഡാർവിന്രെ പരിണാമസിദ്ധാന്തം തെറ്റാണെന്ന മാനവവിഭശേഷി സഹമന്ത്രി സത്യപാൽ സിങിന്രെ അഭിപ്രായം ബി ജെ പിക്ക് ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. കുരങ്ങ് മനുഷ്യനാകുന്നതിന് സാക്ഷികളില്ലെന്നും പരിണാമ സിദ്ധാന്തം തെറ്റാണെന്നും അതി തെളിയിക്കാൻ രാജ്യാന്തര തലത്തിൽ സംവാദം വേണമെന്നും സഹമന്ത്രി സത്യപാൽ സിങ് ആവർത്തിച്ചിരുന്നു.
ഇനി ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് സത്യപാൽ സിങിനോട് കേന്ദ്ര മാനവവിഭവശേഷി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ നിർദേശിച്ചു.
ഞാൻ എന്രെ സഹമന്ത്രിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തോട് ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കാൻ നിർദേശിച്ചിട്ടുണ്ട്. നമ്മൾ ശാസ്ത്രത്തിൽ വെളളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. എന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്ന് ജാവദേകറിനെ ഉദ്ധരിച്ച് പിടി ഐ റിപ്പോർട്ട് ചെയ്യുന്നു.
ഡാർവിൻ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ ഫണ്ട് നൽകാനോ ദേശീയ സെമിനാർ നടത്താനോ പദ്ധതിയില്ല. ശാസ്ത്രകാരന്മാരുടെ പ്രവൃത്തി മേഖലയിൽ ഇടപെടാനില്ല. അവർ സ്വതന്ത്രമായി, രാജ്യപുരോഗതിക്ക് വേണ്ടിയുളള കാര്യങ്ങൾ ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.
പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നും സഹമന്ത്രി സത്യപാൽ സിങ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കുരങ്ങൻ മനുഷ്യനാകുന്നതിന് സാക്ഷികളില്ലെന്നും ആരും എഴുതിയോ പറഞ്ഞോ ഇക്കാര്യത്തെ കുറിച്ച് അറിവില്ലെന്നും അതിനാൽ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശാസ്ത്രലോകം മന്ത്രി സത്യപാൽസിങിന്രെ പരാമർശങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ഓരോ കണ്ടുപിടുത്തവും ഡാർവിൻ സിദ്ധാന്തത്തെ കൂടുതൽ ശരിവെയ്ക്കുന്നതാണ്. ഇന്ത്യയിലെ വിവിധ ശാസ്ത്രസ്ഥാപനങ്ങളിലുളള രണ്ടായരിത്തിലേറെ ശാസ്ത്രജ്ഞരാണ് ഈ പ്രസ്താവനയിൽ ഒപ്പുവച്ചത്.
മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്രൽ റിസർച്ച്, നാഷണൽ പൂണെയിലെ സെന്രർ ഫോർ റേഡിയോ അസ്ട്രോ ഫിസിക്സ്, ബെംഗളുരൂവിലെ നാഷണൽ സെന്രർ ഫോർ ബയോളജിക്കൽ സയൻസ്, മുംബൈ ഐ ഐടി, ഹൈദരാബാദ് സെന്രർ ഫോർ സെല്ലുലാർ ആൻഡ് മോലിക്കുലാർ ബയോളജി എന്നീ സ്ഥാപനങ്ങളിലുളളവരും ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.