ഡാർജിലിംഗ്: വെസ്റ്റ് ബംഗാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും മലയോര പ്രദേശവുമായ ഗൂർഖാലാന്റ് സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യം ശക്തം. ഇതേ തുടർന്ന് മലയോര നഗരമായ ഡാർജിലിംഗിൽ സംഘർഷം ആരംഭിച്ചു.

അതേസമയം ആവശ്യവുമായി മുന്നോട്ട് വന്ന ഗൂർഖ ജനമുക്തി മോർച്ച മേധാവി ബിമൽ ഗുരുരംഗിന്റെ ഓഫീസ് വെസ്റ്റ് ബംഗാൾ പൊലീസ് ഇന്ന് രാവിലെ റെയ്ഡ് ചെയ്തു. കത്തി, വടിവാൾ, അരിവാൾ, അമ്പുകൾ എന്നിവ ഇദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പൊലീസ് കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഗൂർഖാലാന്റ് എന്ന സ്വതന്ത്ര രാജ്യം വേണമെന്ന് ഗുരുരംഗ് ഇന്നലെയാണ് ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ഡാർജിലിംഗിലെത്തിയ വിനോദസഞ്ചാരികളോട് തിരികെ പോകാനും ഗൂർഖ ജനമുക്തി മോർച്ച ശ്രമം തുടങ്ങി. “ഇത് വിനോദസഞ്ചാരികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. അവർക്ക് തിരിച്ച് പോകാവുന്നതേയുള്ളൂ. ഞങ്ങളുടെ ആവശ്യവുമായി മുന്നോട്ട് പോകും. സിആർപിഎഫിനെയും ഇന്ത്യൻ സൈന്യത്തെയും അണിനിരത്തിക്കോളൂ” ഗുരുരംഗ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയ കക്ഷികളെയാകെ സമ്മർദ്ദത്തിലാക്കിയാണ് ഗൂർഖാലാന്റ് എന്ന ആവശ്യം ശക്തിപ്രാപിക്കുന്നത്. ഇവിടെ ഗൂർഖ ജനമുക്തി മോർച്ച ജനങ്ങൾക്കിടയിൽ നിന്ന് നല്ല പിന്തുണ ആർജ്ജിക്കുന്നുണ്ട്.

ഇവിടെ നിന്നുള്ള ബിജെപി എം.പി എസ്.എസ്.അലുവാലിയ, വിഷയത്തിൽ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗൂർഖാലാന്റ് ഭരണകൂടത്തിന് പുതിയ സെക്രട്ടറിയായി സി.മുരുഗനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറെ കണ്ടു. ഗൂർഖ ജനമുക്തി മോർച്ച ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയ ശേഷമായിരുന്നു ഈ നിയമനം.

എന്നാൽ ഈ ശ്രമങ്ങൾ കൊണ്ട് ഗൂർഖാലാന്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഗൂർഖാ ജനമുക്തി മോർച്ച അറിയിച്ചു. ബംഗാളി ഭാഷ സംസ്ഥാനത്ത് നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഗൂർഖാലാന്റ് എന്ന ആവശ്യവുമായി ഗൂർഖ ജനമുക്തി മോർച്ച രംഗത്ത് വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ