ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം ഉനയിലെ 450 ഓളം ദലിതര്‍ ബുദ്ധ മതത്തിലേക്ക് മതം മാറിയിരുന്നു. സാമൂഹിക അനീതിയാണ് അത്തരത്തിലൊരു നീക്കത്തിലേക്ക് അവരെ നയിച്ചതെന്നാണ് ബിജെപി എംപിയായ ഉദിത് രാജ് പറയുന്നത്. വളരെ അപകടകരമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

മീശവയ്ക്കുന്നതിനു പോലും ദലിതരെ ആക്രമിക്കുകയാണെന്നും ഇതിനെന്ത് ബദലാണുള്ളതെന്ന് തനിക്കറിയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2016 പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയായ ദലിതരുടെ കുടുംബാംഗങ്ങളടക്കം ആയിരത്തിലധികം ദലിതരാണ് കഴിഞ്ഞ ദിവസം ഉനയിലെ മോട്ടാ സമാദിയാല ഗ്രാമത്തില്‍ ബുദ്ധമതം സ്വീകരിച്ചത്.

മതം മാറിയവരില്‍ ബാലു സര്‍വ്വയ്യയും ഭാര്യ കുന്‍വറും മക്കളായ വാഷ്‌റാമും രമേഷുമുണ്ടായിരുന്നു. ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയായവരാണ് ഇവര്‍. ബാലുവിന്റെ സഹോദരനും 2016 ല്‍ ആക്രമണത്തിന് ഇരയായ അശോകും ബന്ധുവായ ബെച്ചറുമുണ്ടായിരുന്നു. എല്ലാവരും ദലിതര്‍ക്കെതിരായ ക്രൂരതയ്ക്ക് ഇരയായവരാണ്.

താന്‍ അന്ധ വിശ്വാസത്തെ ഉപേക്ഷിച്ചെന്നും സ്വാതന്ത്ര്യം തോന്നുന്നുണ്ടെന്നും മതം മാറിയതിന് ശേഷം ബാലു പറഞ്ഞു. ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തപ്പോള്‍, ഈ ആചാരങ്ങളും വിശ്വാസങ്ങളും എനിക്ക് ബാധ്യതയാവുകയാണെന്ന് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ബാലു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook