ന്യൂഡൽഹി: രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർ രാഖി കെട്ടുന്നത് നിർബന്ധമാക്കിയ ഉത്തരവ് ദാമൻ ദിയു ഭരണകൂടം പിന്‍വലിച്ചു. കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവിലെ മുഴുവൻ സർക്കാർ ഒാഫീസുകളിലെയും വനിത ജീവനക്കാർ സഹപ്രവർത്തകരായ പുരുഷൻമാർക്ക് രാഖി കെട്ടി രക്ഷാബന്ധൻ ആഘോഷിക്കണമെന്നാണ് ദാമൻ ദിയു ഡെപ്യൂട്ടി സെക്രട്ടറി ഗുർപ്രീത് സിംഗിന്റെ ഉത്തരവിൽ പറഞ്ഞത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ 24 മണിക്കൂര്‍ തികയും മുമ്പ് ഉത്തരവ് പിന്‍വലിച്ചു.

ഓഗസ്റ്റ് 7ന് നടക്കുന്ന ചടങ്ങില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായും രക്ഷാ ബന്ധന്‍ കെട്ടണമെന്നാണ് ഭരണകൂടം ഉത്തരവിട്ടത്. ഇതിന്റെ അടുത്ത ദിവസം ഹാജരായവരുടെ പട്ടിക നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഉത്തരവിനെതിരെ ജീവനക്കരുടെയും ജനങ്ങളുടെയും പ്രതിഷേധം ഉയർന്നതോടെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഉത്തരവ് പിന്‍വലിച്ചതായി ഗുര്‍പ്രീത് സിംഗ് പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ സാഹോദരത്വം ഊട്ടിയുറപ്പിക്കാനാണ് രക്ഷാ ബന്ധന്‍ നിര്‍ബന്ധമാക്കി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ പിന്‍വലിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ