അഹമദബാദ് : ചത്ത പശുവിന്‍റെ തോലുരിയുന്നത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ദളിതരെ ക്രൂരമായി മര്‍ദ്ദിച്ചതായ് പരാതി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പശുവിന്‍റെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നയിടത്തിനു പകരം കാലികള്‍ക്കായുള്ള ശ്മശാനത്തില്‍ വച്ച് തൊലിയുരിഞ്ഞതിന്‍റെ പേരില്‍ ദളിത്‌ യുവാവിനേയും അമ്മയേയും ജാതി ഹിന്ദുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സംസ്ഥാന പൊലീസിന്‍റെ ഭാഷ്യം.

സംഭവവുമായ് ബന്ധപ്പെട്ട് സൊജിത്ര പോലീസ് സ്റ്റേഷനില്‍ ഒരു എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിരണ്ടുകാരനായ യുവാവിനെയും നാല്‍പ്പത്തഞ്ചുകാരിയായ അമ്മയേയും കന്നുകാലികളുടെ തോലിയുരിയുന്നതിലുള്ള നിയമങ്ങൾ ലംഘിച്ചുവെന്നു കുറ്റപ്പെടുത്തി രാജ്പുത് സമുദായത്തില്‍പെട്ട പതിനഞ്ചോളം പുരുഷന്മാര്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു എന്ന് എഫ്ഐആറില്‍ പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ പ്രകാരം ശനിയാഴ്ച രാത്രിയോടെ കസോരില്‍ നിന്നുമുള്ള പതിനഞ്ചുപേര്‍ ദളിതരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ജാതിപ്പേരു വിളിച്ചുകൊണ്ട് അവരെ അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.

യുവാവ് പ്രതികരിച്ചതോടെ കുപിതരായ ആള്‍കൂട്ടം ഇരുവരേയും മര്‍ദ്ദിക്കുകയും ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ” ഓഗസ്റ്റ് പതിനൊന്നിനാണ് സംഭവം നടക്കുന്നത്. സമീപത്തെ ഗ്രാമപ്രദേശത്തു നിന്നും ചത്ത പശുവുമായി വന്നവര്‍ അതിനെ സംസ്കരിക്കുന്ന ഇടത്തില്‍ നിന്നും മാറി ശ്മശാനത്തോടടുത്ത പ്രദേശത്ത് വച്ച് സംസ്കരിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. പരിസരവാസികളായ ചിലര്‍ വിഷയം ഗ്രാമമുഖ്യനെ ധരിപ്പിക്കുകയും. ഗ്രാമമുഖ്യന്റെ ഇടപെടലുകളെ തുടര്‍ന്ന് പശുവിനെ മുന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് മാറ്റിയശേഷം സംസ്കരിക്കുകയും ചെയ്യുകയായിരുന്നു” ഖാംഭട്ട് ഡിവിഷന്‍ പൊലീസ് ഡിഎസ്‌പിയായ ഡിഡി ഡാമോര്‍ പിടിഐയോടു പറഞ്ഞു.

” മര്‍ദ്ദനമേറ്റവര്‍ അടുത്ത തവണ മുതല്‍ മുന്‍പ് നിശ്ചയിച്ച സ്ഥലത്തുവച്ച് പശുവിനെ സംസ്കരിക്കാം എന്നു പറഞ്ഞു. എങ്കിലും കുറ്റാരോപിതരായ ഒരാള്‍ വാഗ്വാദങ്ങള്‍ തുടരുകയും. ഓഗസ്റ്റ് പന്ത്രണ്ടാം തീയ്യതി രാത്രിയോടെ ദളിതരെ വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ” ഡിഡി ഡാമോര്‍ പറഞ്ഞു.

ഐപിസി 143, 323, 506(2), പട്ടികജാതി-പട്ടികവർഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ ആക്റ്റ് എന്നിവ ചേര്‍ത്ത് സൊജിത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം അക്രമത്തിനിരയായവര്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. എന്തിരുന്നാലും സംഭവുമായ് ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ഡിഎസ്‌പി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ