ലക്നൗ: സോപ്പും ഷാംപൂവും ഇട്ട് കുളിച്ച് സുഗന്ധവും പൂശിയതിന് ശേഷം മാത്രമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ പാടുള്ളൂവെന്ന് ദലിതര്‍ക്ക് നിര്‍ദേശം. ഉത്തര്‍പ്രദേശിലെ കുശീനഗര്‍ ജില്ലയിലെ മുസ്ഹര്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഒരു പ്രാദേശികമാധ്യമെത്തെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച്ച കുശിനഗര്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു ദലിതര്‍ക്ക് നിര്‍ദേശം ലഭിച്ചത്. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരാണ് ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി ഇത്തരത്തില്‍ ഉത്തരവിട്ടത്.

യോഗിയുടെ വരവ് പ്രമാണിച്ച് പെട്ടെന്നൊരു ദിനം ടോയിലറ്റുകള്‍ പണിയുകയും റോഡുകളിലെ കുഴികള്‍ അടച്ചതായും ഒരു പ്രദേശവാസി പറയുന്നു. “ഞങ്ങള്‍ക്ക് സുഗന്ധമുള്ള സോപ്പുകളും പെര്‍ഫ്യൂമും തന്നു. മുഖ്യമന്ത്രിയെ കാണാന്‍ സോപ്പുപയോഗിച്ച് കുളിച്ച് സുഗന്ധം പൂശി മാത്രം പോകണമെന്നും അവര്‍ പറഞ്ഞു”, മറ്റൊരാള്‍ പറഞ്ഞു.

വീടുകള്‍ വൃത്തിയാക്കണമെന്നും അധികൃതര്‍ ദലിതരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ദുര്‍ഗന്ധം പരക്കരുതെന്ന് കരുതിയിട്ടാവാം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ തന്നതെന്ന് കരുതുന്നതായി മുസ്ഹര്‍ വിഭാഗക്കാര്‍ പറയുന്നു. എലികളെ പിടിക്കുന്നവരായ മുസര്‍ വിഭാഗക്കാരെ അയിത്ത ജാതിക്കാരായാണു കരുതുന്നത്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ല.

ദിവസങ്ങള്‍ക്കും മുമ്പും യോഗി മന്ത്രിസഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം അയല്‍ജില്ലയായ ഡിയോരിയയില്‍ ഉണ്ടായിട്ടുണ്ട്. പാക് സൈനികര്‍ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്‌എഫ് ജവാന്‍ പ്രേം സാഗറിന്റെ കുടുംബത്തെ യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ വിഐപി സൗകര്യങ്ങളാണ് അന്ന് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി മരുന്നിട്ടത്.

യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശന ശേഷം ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ദലിതരെ അവഹേളിച്ച പുതിയ സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ