ഭോപ്പാൽ: മേല്‍ജാതിക്കാരുടെ വീട്ടില്‍ ജോലിക്ക് പോകാൻ വിസമ്മതിച്ചതിന് മധ്യപ്രദേശില്‍ ദലിത് സ്ത്രീയുടെ മൂക്ക് മുറിക്കുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ജാനകി ഭായ് എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ റാസ എന്ന ഗ്രാമത്തിലാണ് സംഭവം. കോടാലി കൊണ്ടാണ് ഭാര്യയെ ആക്രമിച്ചതെന്ന് ഭർത്താവ് പ്രതികരിച്ചു.

നരേന്ദ്രസിങ് എന്നയാളുടെ തോട്ടത്തില്‍ കീടനാശിനി തളിയ്ക്കാനാണ് യുവതിയെ വിളിച്ചിരുന്നത്. പോകാന്‍ വിസമ്മതിച്ചപ്പോള്‍ നരേന്ദ്ര സിങും അയാളുടെ അച്ഛന്‍ സാഹേബ് സിങ്ങും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ജാനകി ഭായ് പറയുന്നു.


കടപ്പാട്: എൻഡിടിവി

മധ്യപ്രദേശ് വനിതാ കമ്മീഷന് നടത്തിയ അദാലത്തിനിടെയാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ അക്രമത്തെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചുരുക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും യുവതിയുടെ മൂക്ക് മുറിച്ച സംഭവം മനപൂര്‍വ്വമല്ലെന്നുമാണ് സംസ്ഥാന അഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ