ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി നടത്തിയ വന്‍ പ്രകടനത്തിനു പിന്നാലെ ദലിത്‌ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ഇടതുപക്ഷവും മുന്നോട്ട് വന്നിരിക്കുന്നു.

“ഇത്രയും കാലം ദലിതരുടെ പേരുപയോഗിച്ച് രാഷ്ട്രീയലാഭം നേടുകയും ദലിതരെ വഞ്ചിക്കുകയും ചെയ്യുന്നവര്‍ക്കെതിരായ മുന്നേറ്റമാണ് ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ” സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു.

“കാവി തീവ്രവാദത്തിനെതിരെയാണ് അവരുടെ പ്രതികരണം. ദലിത്‌ പേരുകള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്തുകയും സാമ്പത്തികവും സാമൂഹ്യവുമായുള്ള യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരോടുള്ള പ്രതികരണമാണ് ഈ ദലിത്‌ രോഷം” ബ്രിന്ദ പറഞ്ഞു.

ഹിന്ദു യുവ വാഹിനി പോലുള്ള സംഘടനകള്‍ ശക്തമാവുകയും അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്തമായ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതായുണ്ടെന്ന് സിപിഐ നേതാവ് ഡി.രാജ പറയുന്നു. “ഭീം ആര്‍മി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. എന്നാല്‍ അവര്‍ ഒട്ടും അരാഷ്ട്രീയരുമല്ല. കൃത്യമായ രാഷ്ട്രീയം അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇനിയും അധികകാലം ദലിതര്‍ അനുഭവിക്കുന്ന നീതിനിഷേധം തുടരാന്‍ പറ്റില്ല എന്നാണ് അവര്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളോടും പറയുന്നത്” ഡി.രാജ പറഞ്ഞു.

ദലിത്‌ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്ത വൃന്ദ കാരാട്ട്, അടുത്ത പടിയായി അത്തരം മുന്നേറ്റങ്ങള്‍ ഒന്നിക്കേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഇടതുപക്ഷവും ഇത്തരം സംഘടനകളോടൊപ്പം ചേര്‍ന്നു പോവേണ്ടവരാണെന്നും വൃന്ദ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ