അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറില്‍ മീശ വച്ചതിന് മര്‍ദനമേറ്റ യുവാവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നേരെ വീണ്ടും ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് 17കാരനെ മേല്‍ജാതിക്കാര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ദലിത് യുവാക്കള്‍ മീശ നീട്ടിവളര്‍ത്തിയതിനെ മേല്‍ജാതിക്കാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലംബോദര ഗ്രാമത്തിലാണ് വീണ്ടും അക്രമണം ഉണ്ടായത്.

ലംബോദരയില്‍ സെപ്റ്റംബര്‍ 25നും 29നും രണ്ട് ദലിത് യുവാക്കളെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ 25ന് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ പീയുഷ് പര്‍മാറിനൊപ്പമുണ്ടായിരുന്ന ഈ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റിരുന്നു. ദലിത് യുവാക്കള്‍ തങ്ങളെ പോലെ മീശ പിരിച്ചുവയ്ക്കുന്നത് ചോദ്യം ചെയ്തായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണം. കൃനാലിന്റെ പരാതിയിൽ രജപുത്ര വിഭാഗത്തിൽപെട്ട ഭരത് സിങ് വഗേലയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ സന്ദർശിക്കാൻ ഗാന്ധിനഗറിൽ എത്തിയ കൃനാലിനെ വഗേലയും കൂട്ടരും ‘മീശ വച്ചാൽ രജപുത്രനാകില്ല’ എന്നു പറഞ്ഞു കളിയാക്കിയശേഷം മർദിക്കുകയായിരുന്നു.

രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു. ഗ്രാമത്തില്‍ കാവലും ഏര്‍പ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധസൂചകമായി വാട്‌സ്ആപ്പ് ഡിസ്‌പ്ലേ ചിത്രമായി മീശയുടെ ചിത്രമാണ് ദലിതര്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഗുജറാത്തില്‍ ആനന്ദ് ജില്ലയില്‍ ഭദ്രാനിയ ഗ്രാമത്തില്‍ ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ജയേഷ് സോളങ്കി എന്ന ഇരുപത്തി രണ്ട് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കീഴ്ജാതിയില്‍ പെട്ടവര്‍ക്ക് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ആക്രോശിച്ച് പട്ടേല്‍ സമുദായത്തില്‍പെട്ട ഒരു സംഘമാളുകളാണ് യുവാവിനെ ആക്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ