ഷിംല:  ദലിത് വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുടെ ‘പരീക്ഷാ ചര്‍ച്ച’ കേള്‍പ്പിച്ചത് സ്കൂളിന് പുറത്തിരുത്തിയെന്ന് പരാതി. ഹിമാചല്‍ പ്രദേശിലെ  കുള്ളുവിലെ  സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി മേധാവിയുടെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മോദിയുടെ ടെലിവിഷന്‍ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കുന്നത്. ചെസ്താ ഗ്രാമ പഞ്ചായത്തായിരുന്നു പരിപാടിയുടെ സംഘാടകര്‍.

അധ്യാപകനായ മെഹര്‍ചന്ദ് കുട്ടികളോട് ടെലിവിഷന്‍ വച്ച മുറിക്ക് പുറത്ത് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് കുള്ളു ഡപ്യൂട്ടി കമ്മീഷണര്‍ യൂനുസിന് ലഭിച്ച പരാതിയില്‍ പറയുന്നു. “കുതിരയെ കെട്ടുന്ന സ്ഥലത്താണ് ദലിത് വിദ്യാര്‍ഥികളെ ഇരുത്തിച്ചത്. പകുതിക്ക് വച്ച് ഇറങ്ങി പോകരുത് എന്നും താക്കീത് ഉണ്ടായിരുന്നു” പരാതിയില്‍ പറയുന്നു.

സ്കൂള്‍ നോട്ട്ബുക്കില്‍ ഹിന്ദിയിലെഴുതിയ പരാതിയില്‍ തങ്ങള്‍ “ഉച്ചക്കഞ്ഞിയുടെ സമയത്തും ജാതി വിവേചനത്തിന് ഇരയാകുന്നതായി” കുട്ടികള്‍ പരാതിപ്പെട്ടു. “പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളെ പ്രത്യേകമായി ഇരുത്തിയാണ്‌ ഭക്ഷണം നല്‍കുന്നത്. ഇതേക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ഒന്നും ചെയ്യുന്നില്ല… അദ്ദേഹവും തൊട്ടുകൂടായ്‌മ പിന്തുടരുന്നു.” വിദ്യാർത്ഥികളുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന്‍റെ ഒരു വീഡിയോ ദൃശ്യം പുറത്തുവന്നതോടെ അനുശുചിത് ജാതി കല്യാണ്‍ സംഘ് എന്ന പ്രാദേശിക സംഘടന സ്കൂള്‍ ഹെഡ്മിസ്റ്റര്‍ക്കെതിരെ പ്രതിഷേധിച്ചു.

“ഹെഡ്മിസ്റ്റര്‍ രാജന്‍ ഭരദ്വാജ് അങ്ങനെയൊരു സംഭവം നടന്നതായി സ്ഥിരീകരിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കില്ല എന്നാണ് അദ്ദേഹം ഉറപ്പ് തന്നത്. എന്നാല്‍ അത് മതിയാകില്ല.” സംഘടനയിലെ ഒരു അംഗം ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്നും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയതായി വിദ്യാഭ്യാസ സെക്രട്ടറി അരുണ്‍ ശര്‍മ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍, ഐസിഡിഎസ്, സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ എന്നിവര്‍ തിങ്കളാഴ്ച സ്കൂള്‍ സന്ദര്‍ശിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ