അഹമ്മദാബാദ്: രാജ്യത്തെ ദലിത് പോരാട്ടങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെ ഊന്നിയാകണമെന്നും മനുവാദത്തെയും ബ്രാഹ്മണിസത്തെയും വിമർശിക്കുന്നത് മാത്രമാകരുതെന്നും ജിഗ്നേഷ് മേവാനി. പുണെയിൽ പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് താൻ ബ്രാഹ്മണർക്ക് എതിരല്ലെന്നും ബ്രാഹ്മണിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞത്.

ഫാക്ടറി ഉടമകളായ ദലിതർക്ക് കീഴിൽ ജോലി ചെയ്യുന്ന ബ്രാഹ്മണരായ ആളുകളുണ്ടെന്നും, ഇവിടെ തൊഴിൽ രംഗത്ത് ചൂഷണം ചെയ്യപ്പെടുകയാണെങ്കിൽ ബ്രാഹ്മണർക്ക് ഒപ്പമാവും താൻ നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദലിത് യുവാക്കളുടെ അസംതൃപ്തി ശരിയായ ദിശയിൽ വഴിതിരിച്ച് വിടേണ്ടതുണ്ടെന്നും, അത് ബ്രാഹ്മണ വിരോധത്തിൽ മാത്രം ഊന്നിക്കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ദലിതരുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ, രാജ്യത്തെ ജിഎസ്ടി-നോട്ട് നിരോധനം വഴി നേരിട്ട കഷ്ടതകൾ തുടങ്ങിയ യഥാർത്ഥ വിഷയങ്ങളിൽ ഊന്നിക്കൊണ്ടാവണം ദലിത് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ദലിത് അദികാർ മഞ്ചിന്റെ പ്രവർത്തനം ഗുജറാത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സവർണ്ണ തേരോട്ടത്തിനും മുതലാളിത്ത-കോർപ്പറേറ്റ് ശക്തികൾക്കും വേണ്ടിയുള്ള നിയമനിർമ്മാണമാണ് രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ