ന്യൂഡല്‍ഹി: രവിദാസ് മന്ദിര്‍ തകര്‍ത്ത സംഭവത്തില്‍ ദലിത് പ്രക്ഷോഭം ശക്തമാവുകയാണ്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് രാംനീല മൈതാനത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കണമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് തങ്ങളോട് മറ്റെവിടെയെങ്കിലും പോകാന്‍ പറയുന്നുവെന്നും എന്തുകൊണ്ട് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നുവെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

”ഞങ്ങളുടെ ക്ഷേത്രം മാറ്റിപ്പണിയാന്‍ പറയുന്നവര്‍ വര്‍ഷങ്ങളായി രാമക്ഷേത്രത്തിനായി വാദിക്കുന്നവരാണ്. പട്ടികജാതിക്കാരുടെ കാര്യം വരുമ്പോള്‍ എന്തിനാണീ ഇരട്ടത്താപ്പ്?” ഹരിയാനയില്‍ നിന്നുമുള്ള രാകേഷ് ബഹാദൂര്‍ ചോദിക്കുന്നു. ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ് രാകേഷ്.

പ്രതിഷേധം അക്രമാസക്തമായി എന്നു പറഞ്ഞ് പൊലീസ് നൂറോളം ദലിത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിനു കാരണം ഭരണകൂടമാണെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ദലിത് നേതാക്കള്‍ പറയുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

”ഞങ്ങളുടെ പ്രതിഷേധം വാടകഗുണ്ടകളിലൂടെയല്ല നടപ്പിലാകുന്നത്. ഞങ്ങളുടെ ഗുരുവിന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ടതിലുള്ള രാജ്യത്തെ നിരവധി പേരുടെ ആത്മാര്‍ത്ഥമായ വേദനയില്‍ നിന്നുമാണ് ഈ പ്രതിഷേധം ഉയര്‍ന്നു വന്നത്. ഇതുപോലെ തന്നെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിന് നടന്ന ഭാരത് ബന്ദിനെ അവര്‍ വിശേഷിപ്പിച്ചത്. ഞങ്ങളുടെ നേര്‍ക്കായിരുന്നു അന്നും അക്രമം നടന്നത്” ദലിത് ആക്ടിവിസ്റ്റായ അശോക് ഭാരതി പറഞ്ഞു.

ഇന്നലെയും അതുതന്നെയാണ് നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പകല്‍ മുഴുവന്‍ സമാധാനത്തോടെയിരുന്നിട്ട് അവസാനം എന്തിനാണ് ഞങ്ങള്‍ അക്രമം നടത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഹിന്ദു സമൂഹത്തില്‍ രവിദാസിന് ഇടമില്ലെന്നും എന്നാല്‍ ദലിതര്‍ക്കിടയില്‍ അദ്ദേഹത്തെ വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ടെന്നും ബിനോയ് കോറിവി പറഞ്ഞു. ആന്ധ്രയില്‍ നിന്നുമുള്ള ദലിത് ബഹുജന്‍ ഗ്രൂപ്പിന്റെ നേതാവാണ് ബിനോയ്. രവിദാസ് തങ്ങള്‍ക്ക് വെറുമൊരു ടിവി ഗുരുവല്ലെന്നും ആത്മീയ ഗുരുവാണെന്നും ബിനോയ് പറഞ്ഞു.

”വനത്തില്‍ ക്ഷേത്രം പണിയരുതെന്നാണ് വാദമെങ്കില്‍ ശബരിമല ക്ഷേത്രവും തിരുപ്പതി ക്ഷേത്രവും ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ആശ്രമവുമെല്ലാം തകര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രവിദാസിന്റെ പാരമ്പര്യവും അദ്ദേഹം പകര്‍ന്ന പാഠങ്ങളും തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 30 കോടി ആളുകളുടെ വിശ്വാസത്തിന്റെ വിഷയമാണിതെന്നും കോറിവി പറഞ്ഞു.

അതേസമയം, പ്രതിഷേധക്കാര്‍ തിരികെ മടങ്ങുകയാണ്. എന്നാല്‍ നവംബര്‍ 26 എന്ന സമയപരിധിയില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായി ദലിത് സംഘടനകള്‍ അറിയിച്ചു. അപ്പോഴേക്കും ക്ഷേത്രം പുനര്‍നിർമിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്ത ഹരിയാനയില്‍ വിഷയം വരും നാളുകളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് ഡല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദലിതര്‍ തെരുവിലിറങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദലിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിർമിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook