അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ദളിതര്‍ക്കെതിരെ ആക്രമണം. രാജ്‌കോട്ടില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്നയാളെയാണ് കെട്ടിയിട്ട് തല്ലിക്കൊന്നത്.

ദളിത് സമര നേതാവായ ജിഗ്നേഷ് മേവാനിയടക്കമുള്ളവര്‍ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മുകേഷിനെ കെട്ടിയിട്ട് തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ഫാക്ടറി ഉടമയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുകേഷിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുകേഷിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. രണ്ട് പേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദ്ദിച്ചത്.

ഗുജറാത്തില്‍ ദളിതര്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞാണ് ജിഗ്നേഷ് മേവാനി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഫാക്ടറി ഉടമയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പഴയ സാധനങ്ങളും മറ്റും ശേഖരിക്കാനായി ഫാക്ടറി പരിസരത്തെത്തിയതായിരുന്നു മുകേഷും ഭാര്യയും. ഇവരെ മോഷണക്കുറ്റം ആരോപിച്ച് ഫാക്ടറി ഉടമയും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദത്തില് സാരമായി പരിക്കേറ്റ മുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ