അഹമ്മദാബാദ്: ഭാവ് നഗർ ജില്ലയിൽ കുതിരയെ ഓടിച്ച ദളിത് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ട ആൾക്കൂട്ടം തല്ലിക്കൊന്നു.  സംഭവത്തിൽ മൂന്ന് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. മറ്റുളളവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം ഇവിടെ വിവിധ ജാതികൾ തമ്മിൽ സംഘർഷം ആരംഭിച്ചിട്ടുണ്ട്.

പ്രദീപ് റാത്തോഡ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. രണ്ടുമാസം മുൻപ് കുതിരയെ വീട്ടിൽ കൊണ്ടുവന്നത് മുതൽ ഇയാൾക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

ഭീഷണി ഉണ്ടായപ്പോൾ കുതിരയെ വിൽക്കാൻ പ്രദീപ് ആലോചിച്ചിരുന്നുവെന്നും എന്നാൽ താനാണ് പ്രദീപിനെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അച്ഛൻ കാലുബായ് റാത്തോഡ് പറഞ്ഞു. കുടുംബത്തിന്റെ കൃഷിയിടത്തിലേക്കാണ് കഴിഞ്ഞ ദിവസം പ്രദീപ് കുതിരയെ ഓടിച്ച് പോയത്. എന്നാൽ ഇയാൾ തിരിച്ചുവരാൻ വൈകിയതോടെ കുടുംബം തിരച്ചിൽ നടത്തുകയായിരുന്നു.

കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിൽ പ്രദീപ് മരിച്ചുകിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. പ്രദീപിന് പുറമെ കുതിരയെയും അക്രമികൾ കൊന്നു.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പിതാവിനെ കൃഷിക്ക് സഹായിക്കുകയായിരുന്നു പ്രദീപ്. ഈ ഗ്രാമത്തിൽ 3000 ത്തോളം പേരാണ് താമസിക്കുന്നത്. ഇതിൽ 300 ഓളം പേർ മാത്രമേ ദളിതരുളളൂ. ഭാവ് നഗർ സിവിൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പ്രദീപിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ