ലക്നൗ: യുപിയില്‍ തങ്ങള്‍ക്ക് വേണ്ടി കൃഷി ചെയ്യാന്‍ വിസമ്മതിച്ച ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയിലെ നാല് പേര് ചേര്‍ന്ന് മൂത്രം കുടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹസ്റത്പൂരിലാണ് സംഭവം. സംഭവത്തില്‍ നാല് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘മുഖ്യപ്രതിയായ വിജയ് സിങും അയാളുടെ മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്ത് വരികയാണ്,’ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ് പറയുന്നു. പിടിയിലായ നാല് പേരും ഉന്നത ജാതിയില്‍ പെട്ടവരാണെന്നും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും മീശ പിടിച്ച് വലിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
എസ് സി/എസ് ടി ആക്ട് പ്രകാരമാണ് നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ എസ് സി-എസ് ടി കമ്മീഷന് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ പൊലീസിനോട് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം ഉണ്ടായ സംഭവത്തില്‍ ഇരയുടെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.