ലക്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാവിനെ തൊഴിലുടമ മർദിച്ച് കൊലപ്പെടുത്തി. 24 മണിക്കൂർ തടവിൽ വച്ച് തുടർച്ചയായി അതിക്രൂരമായി മർദിച്ചാണ് 33കാരനായ സോഹൻലാൽ റെയ്‌ദാസിനെ തൊഴിലുടമ കൊലപ്പെടുത്തിയത്. സ്വർണ മാല മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ ഇഷ്ടിക ചൂള ഉടമയായ ശക്തി സിങ്ങിനെ ജാഫർഗഞ്ജ് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് സിങ്ങിന് സ്വർണ മാല നഷ്ടമായത്. സോഹൻലാലാണിത് മോഷ്ടിച്ചതെന്ന സംശയത്തെ തുടർന്നായിരുന്നു മർദനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സോഹൻലാലിനെ വീട്ടിൽ നിന്ന് ശക്തി സിങ്ങും കൂട്ടാളികളും ബലമായി പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി.

സിങ്ങിന്റെ ഉടമസ്ഥതയിലുളള കുഴൽക്കിണറിന് സമീപത്ത് വച്ചാണ് മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ സോഹൻലാലിന്റെ മൃതദേഹം കണ്ടെത്തിയത്. സോഹൻലാലിന്റെ മകൻ ആശിഷ് 100 നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. 2011 ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശക്തി സിങ്, തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ പൊലീസുകാരെയും മർദിച്ചു.

സോഹൻലാലിന്റെ കൈയ്യിലെ എല്ലുകൾ ഒടിഞ്ഞതായും ശരീരത്തിൽ പൊളളലേറ്റ പാടുളളതായുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയത്. മാർച്ച് മാസത്തിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ ബന്ദ ജില്ലയിലെ സതി ഗ്രാമത്തിൽ വാച്ച് മോഷണക്കുറ്റം ചുമത്തി ദലിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ