ഹൈദരാബാദ് : രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘപരിവാറിനെതിരായ കരുത്തുറ്റ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ക്യാമ്പസാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി. എബിവിപിയെ പ്രതിരോധിക്കുവാനായി വിശാലമായൊരു ഐക്യമുന്നണിയൊരുക്കികൊണ്ടാണ് ഇത്തവണ ഹൈദരാബാദ് സര്‍വ്വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന് പേരുനല്‍കിയിരിക്കുന്ന മുന്നണിയില്‍ എസ്എഫ്ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്, എംഎസ്എഫ്, ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറം, ദളിത് സ്റ്റുഡന്‍സ് യൂണിയന് എന്നിവരാണ് ഭാഗമാകുന്നത്.
എബിവിപിക്കെതിരായി ഇടതുപക്ഷ സംഘടനകളും ദളിത് സംഘടനകളും ഒരുമിക്കണം എന്ന ആശയം കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉയര്‍ന്നിരുന്നുവെങ്കില്‍ അവസാനനിമിഷം പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐയും എഎസ്എയും പരസ്പരം മത്സരിക്കുകയായിരുന്നു. മത്സരിച്ച മുഴുവന്‍ സീറ്റുകളും എസ്എഫ്ഐയടങ്ങിയ സഖ്യം പിടിച്ചെടുത്ത കഴിഞ്ഞ ക്യാമ്പസ് തിരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ സംഘടനയായിരുന്ന എഎസ്എ ഒഴികെ ബാക്കിയുള്ള ദളിത് സംഘടനകളൊക്കെ ഒരു മുന്നണിയുടെ ഭാഗമായിരുന്നു. എഎസ്എയ്ക്ക് പുറമെ. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലീം സ്റ്റുഡന്‍സ് ഫെഡറേഷന് കൂടി മുന്നണിയുടെ ഭാഗമാവുന്നതോടെ ‘സാമൂഹ്യനീതിക്കായുള്ള വിദ്യാര്‍ഥി മുന്നേറ്റം’ സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന ഒരൊറ്റ ലക്ഷ്യം ലാക്കാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐ സ്വതന്ത്രമായി മത്സരിക്കുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎസ്എയുമായി സഖ്യത്തിലേര്‍പ്പെട്ട എസ്ഐഒ മുന്നണിയുടെ ഭാഗമാകില്ല എന്നറിയുന്നു.
എഎസ്എ പ്രവര്‍ത്തകനും അങ്കമാലി സ്വദേശിയുമായ ശ്രീരാഗ് പൊയ്ക്കാടനെയാണ് സഖ്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്നോട്ട് വെച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറത്തിന്റെ ലുനാവത് നരേഷ്, ജനറല്‍സെക്രട്ടറിയായി എസ്എഫ്ഐയുടെ ആരിഫ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറിയായി എംഎസ്എഫിന്റെ മുഹമ്മദ് ആഷിഖ്, സ്പോര്‍ട്സ് സെക്രട്ടറിയായി ഡിഎസ്യുവിലെ ശ്രാവന് കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡിഎസ്യുവിലെ ഗുണ്ടേതി അഭിഷേക്, ജിഎസ് കാഷ് ഐഎംഎയിലേക്ക് എസ്എഫ്ഐയുടെ തിനാഞ്ജലി ഡാം, ജിഎസ്കാഷിലേക്ക് എസ്എഫ്ഐയുടെ ചാരു നിവേദിത ആര് എന്നിവര്‍ മത്സരരംഗത്തുണ്ട്.
സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിനു ചാലകശക്തിയായിട്ടുള്ള ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന ഇടതു-ദളിത്-ആദിവാസി-മുസ്ലീം ഐക്യം ദേശീയരാഷ്ട്രീയത്തിലും ദിശാസൂചിയാകുമോ എന്ന് വീക്ഷിക്കുകയാണ് രാഷ്ട്രീയനിരീക്ഷകര്‍.