അഹമ്മദാബാദ്: ഗുജറാത്ത് ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം നടന്നത്. മേവാനിയുടെ അകമ്പടി വാഹനത്തിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെങ്കിലും മേവാനിക്ക് പരുക്കില്ല. ആക്രമണത്തിന് ശേഷം ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി മേവാനി രംഗത്തെത്തി. ട്വിറ്ററില്‍ ചില്ലുകള്‍ പൊട്ടിയ വാഹനത്തിന്‍റെ ചിത്രം സഹിതമായിരുന്നു പ്രതികരണം. തക്കര്‍വാഡ ഗ്രാമത്തിൽവച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതെന്നും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിക്ക് എതിരെ ശക്തമായി പോരാടും. ബിജെപി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും ദലിത് പ്രക്ഷോഭ നേതാവ് പറഞ്ഞു.

എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്ന് എതിരാളികള്‍ ആരോപിച്ചു. ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് ബിജെപി വക്താവ് ജഗ്ദീഷ് ഭവ്‌സര്‍ രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook