ഷാജഹാൻപൂർ: ബലാത്സംഗ ശ്രമം ചെറുത്ത 15 കാരിയായ ദലിത് പെൺകുട്ടിയെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമം. കൗമാരക്കാരനായ ആൺകുട്ടിയാണ് പെൺകുട്ടിയെ, അവളുടെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞത്.

ഉത്തർപ്രദേശിലെ റൊജീറ ഏരിയയിൽ പിൽഖാന ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ ഗ്രാമത്തിലെ 15 കാരനായ ആൺകുട്ടി വീടിനകത്തേക്ക് അതിക്രമിച്ച് കടന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ടെറസിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ ഇവിടെ വച്ചും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ പെൺകുട്ടി ചെറുത്തുനിന്നതോടെ പ്രകോപിതനായ പ്രതി ഇവളെ ഉയർത്തിയെടുത്ത് ടെറസിൽ നിന്നും താഴേക്ക് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതി ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ