ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ വക്താവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. ഡിഎംകെ സ്ഥാപകനായ കരുണാനിധി അറിയപ്പെടുന്ന നിരീശ്വരവാദി കൂടിയാണ്.

നാമാക്കല്ലിലെ ഗ്രാമത്തിലാണ് കലൈഞ്ജര്‍ കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്. തമിഴ്‌നാട്ടിലെ പിന്നാക്ക ജാതിയായ ‘അരുന്ധതിയാര്‍’ (ദളിത്) സമൂഹത്തില്‍ പെട്ടവരാണ് കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്. കരുണാനിധിയുടെ ഭരണ കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും മൂന്ന് ശതമാനം പ്രത്യേക സംവരണം നല്‍കിയതിന് നന്ദി സൂചകമായാണ് അരുന്ധതിയാര്‍ ജാതിയില്‍ നിന്നുള്ളവര്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

Read Also: കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സോണിയ; പ്രതിപക്ഷ കരുത്ത് കാട്ടി വേദിയില്‍ നേതാക്കള്‍

30 ലക്ഷം ചെലവിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഡിഎംകെയിലെ സ്ത്രീ കൂട്ടായ്മയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി കലൈഞ്ജര്‍ ചെയ്ത കാര്യങ്ങള്‍ക്ക് നന്ദിയായാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ പറയുന്നു. 2009 ലാണ് അരുന്ധതിയാര്‍ ജാതിയില്‍ പെട്ടവര്‍ക്കായി പ്രത്യേക സംവരണം കരുണാനിധിയുടെ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2018 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ ആൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ വച്ച് കരുണാനിധി മരണത്തിന് കീഴടങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗമാണ് കരുണാനിധിയുടെ വേർപാടോടെ അവസാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook