ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാറിൽ ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. 16 കാരനായ നീരജ് ജാദവ് ആണ് കൊല്ലപ്പെട്ടത്. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഹോളി ആഘോഷിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം. രണ്ടു ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ഹോളി ആഘോഷിക്കുകയായിരുന്നു. ഇതിനിടയിൽ ഗ്രൂപ്പുകൾ തമ്മിൽ നിറങ്ങൾ വാരിയെറിയുന്നതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. ഇത് അടിപിടിയിൽ കലാശിക്കുകയും നീരജ് മർദ്ദനമേറ്റ് കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളെല്ലാം തന്നെ ഒരേ പ്രായക്കാരും കൊല്ലപ്പെട്ട ജാദവിനെ പരിചയമുളളവരുമാണ്. ഒരേ ഗ്രാമത്തിൽനിന്നുളളവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമായി പറയാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.

മർദ്ദനമേറ്റ ജാദവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാദവിന്റെ മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ പ്രതിഷേധം നടത്തുകയും ആശുപത്രി അടിച്ചുതകർത്തതായും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ