ഇംഫാൽ: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഒക്ടോബർ 17ന് മണിപ്പൂര്‍ സന്ദർശിക്കും. അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നതെന്ന് മണിപ്പൂർ നിയമസഭാ സ്പീക്കർ യുംനാം ഖേംചന്ദ് വ്യക്തമാക്കി.

ഒക്ടോബര്‍ 18നാണ് അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കുന്നത്. ലോകരാഷ്ട്രങ്ങളില്‍ നിന്നുളള ആത്മീയ ആചാര്യന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. ദലൈലാമ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ താന്‍ അദ്ദേഹത്തെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്തതായും അത് അദ്ദേഹം സ്വീകരിച്ചതായും സ്പീക്കര്‍ പറഞ്ഞു. ഇംഫാലില്‍ ഇ-ബൈസൈക്കിള്‍ അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

മാസങ്ങള്‍ക്ക് മുമ്പ് ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ വിമര്‍ശനവുമായി ചൈന രംഗത്തെത്തിയിരുന്നു. സന്ദര്‍ശനം പ്രകോപനപരമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. എന്നാല്‍ ഇന്ത്യയുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ചൈന ഇത്തവണ വിമര്‍ശനം ഉന്നയിക്കില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ