ന്യൂഡല്‍ഹി: ദലൈലാമയുടെ ബോധ്ഗയ സന്ദര്‍ശനത്തിനിടെ ചൈനീസ് യുവതിയെ ബിഹാര്‍ പൊലീസ് കസ്റ്റയിലെടുത്തു. വിസാ കാലാവധി കഴിഞ്ഞിട്ടും ഗയയില്‍ താമസിച്ച സോങ് സിയാവോളന്‍ എന്ന യുവതിയാണു പിടിയിലായത്. നഗരത്തില്‍ സുരക്ഷ ശക്തമാക്കി.
യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ് അറിയിച്ചു. ഗയ പൊലീസിനു സുരക്ഷാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. യുവതിയുടെ രേഖാചിത്രവും പാസ്പോര്‍ട്ടിന്റെയും വിസയും വിശദാംശങ്ങളും പൊലീസിനു ലഭിച്ചിരുന്നു.
”ഒരു ചൈനീസ് യുവതി വിസാ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കു വിവരം ലഭിച്ചു. ഞങ്ങള്‍ ബുദ്ധവിഹാരങ്ങളുമായി ബന്ധപ്പെട്ടു. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയാണു ഞങ്ങളുടെ പ്രധാന അജന്‍ഡ,” ഗയ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹര്‍പ്രീത് കൗര്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് സെക്യൂരിറ്റി പ്രോട്ടോക്കോള്‍ എന്ന നിലയില്‍, വിഹാരങ്ങളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
യുവതി കസ്റ്റഡിയിലായ വിഷയത്തെ ‘സുരക്ഷാ പ്രശ്‌നം’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
വാര്‍ഷിക കാലചക്ര പൂജയ്ക്കായാണു ദലൈലാമ ബോധ് ഗയയിലെത്തിയിരിക്കുന്നത്. ഇന്നാണു പരിപാടി ആരംഭിച്ചെങ്കിലും 22 മുതല്‍ അദ്ദേഹം നഗരത്തിലുണ്ട്. മഹാബോധി ക്ഷേത്രത്തിനും സമീപത്തെ ക്ഷേത്രങ്ങള്‍ക്കും വിഹാരങ്ങള്‍ക്കും രണ്ടാഴ്ചയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2018 ജനുവരിയില്‍ പൂജയ്ക്കായി ദലൈലാമയും നിരവധി ബുദ്ധമത തീര്‍ത്ഥാടകരും ഗയയില്‍ തങ്ങവെ തീവ്രത കുറഞ്ഞ ബോംബ് സ്‌ഫോടനം നടന്നിരുന്നു. പൊട്ടാത്ത രണ്ടു ബോംബ് കണ്ടെത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ജമാത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) അംഗങ്ങളായ ഒന്‍പതില്‍ എട്ടുപേരെ പ്രത്യേക എന്‍ ഐ എ കോടതി 2021ല്‍ ശിക്ഷിച്ചു.