ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് ആരോപിച്ച് മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിന്റെ നിരവധി ഇടങ്ങില്‍ ആദായ നികുതിന്റെ റെയ്ഡ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നഗരങ്ങളിലാണു റെയ്ഡ് നടക്കുന്നത്.
തിരച്ചില്‍ സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഔദ്യോഗിക പ്രസ്താവനകളൊന്നും പെുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് നികുതി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അതേസമയം, തങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ബ്രജേഷ് മിശ്രയുടെയും സംസ്ഥാന മേധാവി വീരേന്ദ്ര സിങിന്റെയും ചില ജീവനക്കാരുടെയും വീടുകളിലും ചാനൽ ഓഫീസിലും പരിശോധന നടക്കുന്നതായി നടക്കുന്നതായി വാർത്താ ചാനലായ ഭാരത് സമാചർ ടിവി ട്വിറ്ററിൽ കുറിച്ചു.
കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളെക്കുറിച്ചും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു.
Also Read:Coronavirus India Live Updates: രാജ്യത്ത് 41,383 പേര്‍ക്ക് കോവിഡ്; സജീവ കേസുകളില്‍ വര്‍ധനവ്
റെയ്ഡിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ മോദി സർക്കാരിന്റെ പിഴവുകൾ സംബന്ധിച്ച വാർത്തകൾക്കു ദൈനിക് ഭാസ്കർ ഇപ്പോൾ വില കൊടുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവരും റെയ്ഡ് നടപടിയെ വിര്‍മശിച്ചു.