മുംബൈ: ആഗോള പ്രസിദ്ധി നേടിയ മുംബൈയിലെ ഡബ്ബാവാലകൾ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ചോറ്റുപാത്രം വിതരണം ചെയ്യുന്നത് പോലെ തന്നെ കൊറിയറും പാഴ്‌സൽ സർവ്വീസും ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. നിലവിൽ 5000 ത്തോളം പേരാണ് ദിവസവും 2 ലക്ഷത്തിലധികം വരുന്ന ഉച്ചയൂണ് മുംബൈയിലാകെ വിതരണം ചെയ്യുന്നത്.

നഗരത്തിൽ പാഴ്‌സൽ സർവ്വീസ് തുടങ്ങുന്ന പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഡബ്ബാവാല അസോസിയേഷൻ വക്താവ് സുഭാഷ് തലേകർ പറഞ്ഞു. നിത്യജീവിതത്തിന്റെ ചിലവേറി വരുന്ന സാഹചര്യത്തിൽ അംഗങ്ങൾക്ക് അധികനേട്ടം ഉണ്ടാക്കി കൊടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ഡബ്ബാവാലകൾക്ക് അവരുടെ വിശ്രമ സമയത്ത് നഗരത്തിൽ കമ്പനികളെ ബന്ധിപ്പിച്ച് പാർസലുകൾ വിതരണം ചെയ്യാനാവുമെന്നാണ് സുഭാഷ് തലേകർ വിശദീകരിച്ചത്.

അടുത്ത 15 ദിവസത്തിനുളളിൽ ഈ കാര്യങ്ങളിൽ അന്തിമ തീരുമാനം പുറത്തുവരുമെന്നാണ് ഡബ്ബാവാല അസോസിയേഷൻ വ്യക്തമാക്കിയത്. ഉച്ചഭക്ഷണത്തിന് മുൻപ് കൊറിയർ വിതരണം വേണോ, ഉച്ചഭക്ഷണത്തിന് ശേഷം കൊറിയർ വിതരണം വേണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. മുംബൈയിലെ വിവിധ കമ്പനികളുമായി ഇതിനായുളള ചർച്ചകൾ പുരോഗമിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook