ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വെള്ളിയാഴ്ച പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. രാജ്യത്തെ പരമോന്നത കോടതിയില്‍ നടന്ന ഈ കൊട്ടാരവിപ്ലവത്തിന് ശേഷം ജസ്റ്റിസ് ജെ.ചെലമേശ്വറിന് ഒരു സന്ദര്‍ശകന്‍ ഉണ്ടായിരുന്നു – സിപിഐ നേതാവ് ഡി.രാജ.

ജസ്റ്റിസ് ചെലമേശ്വറിന്‍റെ വീട്ടിലേക്ക് കയറിപ്പോയ സിപിഐ നേതാവ് ജസ്റ്റിസിനോട് ചോദിച്ചു “എന്താണ് സംഭവിക്കുന്നത് ?” മണിക്കൂറുകള്‍ക്കകം തന്നെ രാജയുടെ സന്ദര്‍ശനവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞുകൊണ്ട് സിപിഐക്കും മുന്നോട്ടുവരേണ്ടി വന്നു.

ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ വെറും കാഴ്ചക്കാരനായി തനിക്ക് നില്‍ക്കാനാകില്ല എന്നാണ് ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ സംസാരിച്ച ഡി.രാജ പറഞ്ഞത്. “എനിക്ക് അദ്ദേഹത്തെ അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ ബന്ധപ്പെടുകയും എന്താണ് സംഭവിക്കുന്നത് എന്ന്‍ ചോദിക്കുകയും ചെയ്തു. എന്താണ് താങ്കള്‍ ഇത്രയും ദുഃഖിതനായി കാണപ്പെടുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്. ഇവിടെയുണ്ട് എങ്കില്‍ ഇങ്ങോട്ട് വരൂ എന്ന്..” ഡി.രാജ പറഞ്ഞു.

“വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം എന്നോടും പങ്കുവച്ചത്. ജുഡീഷ്യറിയെ ബാധിച്ചിരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയെ കാണിക്കുന്ന അസാധാരണമായ ഒരു നടപടിയാണ് ഇത്. അതിനാല്‍ എല്ലാവര്‍ക്കും ഇതേ ദുഃഖം ഉണ്ടാവേണ്ടതുണ്ട്… ഒരു സാധാരണക്കാരന്‍റെ അവസാനത്തെ പ്രതീക്ഷയാണ് നീതിന്യായ വ്യവസ്ഥ. അതിനാല്‍ തന്നെയാണ് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് നേരിട്ടറിയാന്‍ ഞാന്‍ ഇറങ്ങിയത്. ഇനി കൂടുതല്‍പേര്‍ ഇതേ ചോദ്യം ചോദിക്കും, നിയമവ്യവസ്ഥയില്‍ എന്താണ് സംഭവിക്കുന്നത് എന്ന്. പാര്‍ലമെന്‍റിന് വെറും കാഴ്ചക്കാരായി നില്‍ക്കാനാകില്ല ” മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു.

അതേസമയം, ജസ്റ്റിസ് ചെലമേശ്വറിനെ സന്ദര്‍ശിക്കുവാനുള്ള രാജയുടെ തീരുമാനം ഇടതുപക്ഷ കക്ഷികളില്‍ തന്നെ എതിര്‍പ്പുണ്ടാക്കി. പരമോന്നത കോടതി കടന്നുപോകുന്ന പ്രതിസന്ധിയിലേക്ക് പ്രതിപക്ഷം കടന്നുകയറി രാഷ്ട്രീയം കാണുകയാണ് എന്ന രീതിയില്‍ ബിജെപി പ്രചരണങ്ങള്‍ ഉണ്ടായേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി മുന്നോട്ടു വന്നു.

“രാജ അവിടെ പോയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ബന്ധത്തില്‍ നിന്നുകൊണ്ടാണ്. അല്ലാതെ പാര്‍ട്ടിയുടെ പ്രതിനിധി ആയിട്ടല്ല” എന്നായിരുന്നു സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം. ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ ജുഡീഷ്യറിയില്‍ തന്നെ പരിഹാരം കാണണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ