ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയ സംഭവത്തില്‍ ടാറ്റ സണ്‍സ് ഗ്രൂപ്പിനു വന്‍ തിരിച്ചടി. മിസ്ത്രിയെ തല്‍സ്ഥാനത്തു പുനഃസ്ഥാപിക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് അതോറിറ്റി ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) ഉത്തരവിട്ടു.
സൈറസ് മിസ്ത്രിയെ മാറ്റി എന്‍.ചന്ദ്രശേഖശരനെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചതു നിയമവിരുദ്ധമാണെന്നു ട്രിബ്യൂണല്‍ വിധിച്ചു. ഉത്തരവ് നടപ്പാക്കാന്‍ നാലാഴ്ചത്തെ സാവകാശം ട്രിബ്യൂണല്‍ ടാറ്റ സണ്‍സിന് അനുവദിച്ചു. ഈ സമയത്തിനുള്ളില്‍ ടാറ്റ സണ്‍സിന് അപ്പീല്‍ നല്‍കാം.
ടാറ്റ ഗ്രൂപ്പിന്റെ ആറാമത് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണു തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയത്. തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റു. അധികം വൈകാതെ എന്‍.ചന്ദ്രശേഖരനെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.
2012ലാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോണ്‍ജി മിസ്ത്രിയുടെ മകനാണു സൈറസ് മിസ്ത്രി. ബിസിനസ് രീതികളില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചതാണു മിസ്ത്രിയും രത്തന്‍ ടാറ്റയും തമ്മിലുള്ള അകല്‍ച്ചയ്ക്കും ഒടുവില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താകലിനും വഴിവച്ചത്.
ടാറ്റ സണ്‍സ് കമ്പനി ചട്ടത്തിനുവിരുദ്ധമായാണു സൈറസ് മിസ്ത്രിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതെന്നു സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ജനുവരിയില്‍ ട്രിബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ നിക്ഷേപ സ്ഥാപനമാണു സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്.
ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിനു മുന്‍പായാണു വിധി പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 3.05 ശതമാനം ഇടിഞ്ഞ് 174.70 രൂപയായി. അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരി വില 0.07 ശതമാനം ഉയര്‍ന്ന് 2,167.25 രൂപയിലും ടാറ്റ സ്റ്റീല്‍ ഓഹരി വില 1.16 ശതമാനം ഉയര്‍ന്ന് 444.60 രൂപയിലും എത്തി.