മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മരിച്ച അപകടത്തില്‍ കാറോടിച്ച പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളിനെതിരെ കേസ്. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷമാണു പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ദേശീയപാത 48-ല്‍ സെപ്തംബര്‍ നാലിനുണ്ടായ അപകടത്തിലാണു സൈറസ് മിസ്ത്രിയും കെ പി എം ജി ഗ്ലോബല്‍ സ്ട്രാറ്റജി ഡയറക്ടര്‍ ജഹാംഗീര്‍ പണ്ടോളും കൊല്ലപ്പെട്ടത്. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡില്‍ ഇടിച്ചതിനെത്തുടര്‍ന്നു തകരുകയായിരുന്നു.
അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വാഹനത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു ഡോ. അനഹിത പണ്ടോളിനെതിരെ പാല്‍ഘര്‍ പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോ. അനഹിത ഇപ്പോഴും ഐ സി യുവില്‍ ചികിത്സയിലാണ്.
അപകടത്തില്‍നിന്നു രക്ഷപ്പെട്ട അനഹിതയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഡാരിയസ് പണ്ടോളിന്റെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അനഹിതക്കെതിരെ കേസെടുത്തത്. കാര്‍ ഇടതുവശത്തുകൂടി ഒരു ഹെവി വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ഇത് ട്രാഫിക് നിയമ ലംഘനമാണെന്നും ഡാരിയസ് പണ്ടോളിന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് പറഞ്ഞു.
അമിതവേഗത്തിലായിരുന്ന മെഴ്സിഡസ് കാര്‍ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ചു. തുടര്‍ന്ന് സൂര്യ നദിക്കു കുറുകെയുള്ള ചരോട്ടി പാലത്തിന്റെ മതിലില്‍ ഇടിച്ചു തകരുകയായിരുന്നു. കാര്‍ ഓടിച്ച ഡോ. അനഹിതയ്‌ക്കൊപ്പം മുന്‍ സീറ്റിലിരുന്ന ഭര്‍ത്താവ് ഡാരിയസ് പണ്ടോളിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സര്‍ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ചയാണു ഡിസ്ചാര്‍ജ് ചെയ്തത്.