സൈപ്രസ്: കോവിഡിന്റെ വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും സംയോജിക്കുന്ന പുതിയ ഒരു സട്രെയിന് സൈപ്രസില്‍ കണ്ടെത്തി. സൈപ്രസ് സർവകലാശാലയിലെ ബയോളജിക്കൽ സയൻസ് പ്രൊഫസറും ലബോറട്ടറി ഓഫ് ബയോടെക്നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവിയുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസാണ് ഇക്കാര്യം അറിയിച്ചത്.
“നിലവിൽ ഒമിക്രോണ്‍ കേസുകളും ഡെൽറ്റ കേസുകളും ഉണ്ട്. ഇവ രണ്ടും കൂടിച്ചേർന്നിട്ടുള്ള പുതിയ വകഭേദമാണ് കണ്ടെത്തിയത്,” സിഗ്മ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോസ്ട്രിക്കിസ് പറഞ്ഞു. ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാല്‍ “ഡെൽറ്റാക്രോൺ” എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോസ്ട്രിക്കിസും സംഘവും ഇത്തരത്തിലുള്ള 25 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് കൂടുതലായും ഡെല്‍റ്റാക്രോണിന്റെ സാന്നിധ്യമെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡെല്‍റ്റാക്രോണ്‍ കേസുകളുടെ ജനിതക ഘടനകള്‍ വൈറസിന്റെ മാറ്റങ്ങള്‍ വിശകലനം ചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റാബേസായ ജിഐഎസ്എഐഡിയ്ക്ക് അയച്ചു നല്കി.
എന്നാല്‍ ഡെല്‍റ്റാക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്നതില്‍ ഭാവിയില്‍ മാത്രമെ വ്യക്തത ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കോസ്ട്രിക്കിസിന്റെ കണ്ടെത്തലുകൾ ലബോറട്ടറിയിലുണ്ടായ മലിനീകരണത്തിന്റെ ഫലമാകാമെന്നാണ് മറ്റ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.
“വിവിധ രാജ്യങ്ങളിൽ ഒന്നിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇസ്രായേലിൽ നിന്നുള്ള ഒരു ശ്രേണിയെങ്കിലും ഡെൽറ്റാക്രോണിന്റെ ജനിതക സവിശേഷതകൾ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇതൊരു സാങ്കേതിക പിഴവല്ല,” കോസ്ട്രിക്കിസ് പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,79,723 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 7,23,619 ആയി. 13.29 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 146 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി. 1,216 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ട് പുറകിൽ. കേരളത്തിൽ ഇതുവരെ 328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Also Read: രാജ്യത്ത് പുതിയ 1.79 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി