ന്യൂഡൽഹി: കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത്  കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ . ചുഴലിക്കാറ്റുകളും കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും കേരള, കർണാടക തീരത്ത് അടിക്കടിയുണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ആസ്ഥാനമാക്കി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത ഒരു മാസത്തിനുളളിൽ ഇത് ആരംഭിക്കുവാനാണ്  മന്ത്രാലയം ആലോചിക്കുന്നത് . നിലവിൽ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമുളളത്.

കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പ്, തീരദേശ ബുളളറ്റിനുകൾ (മത്സ്യതൊഴിലാളിക ൾക്കുളള മുന്നറിയിപ്പ് ഉൾപ്പെടെയുളളവ) തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള, കർണാടക സർക്കാരുകൾക്ക് ഇതുവഴി ലഭിക്കും. കേരളത്തിൽ നിലവിലുളള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് കേന്ദ്രം കരുതുന്നത്.

കേരളത്തിന്റെ വടക്കു ഭാഗത്തെ കേന്ദ്രീകരിക്കുന്നതിനായി 2019 അവസാനത്തോടെ മംഗളൂരുവിൽ സി ബാന്റ് ഡോപ്‌ലർ വെതർ റഡാർ സ്ഥാപിക്കുന്നതിനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി സി ബാന്റ് ഡോപ്‌ലർ വെതർ റഡാറുകളുണ്ട്. മൂന്നാമത്തെ റഡാറും കൂടി സ്ഥാപിക്കുന്നതോടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ​നേരത്തെ  ലഭ്യമാക്കാനാകും.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രവചിക്കുന്നതിനുളള പുതിയ ഉപകരണങ്ങൾ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ ക്കുറിച്ചുളള പരിശീലനവും അവബോധന ക്ലാസുകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങൾക്ക് അടുത്ത മാസം നൽകുന്നതിനും മന്ത്രാലയം പദ്ധതിയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook