scorecardresearch

ബാര്‍ജ് ദുരന്തം: മരിച്ചവരിൽ മലയാളിയും, ക്യാപ്റ്റൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചതായി ചീഫ് എൻജിനീയർ

മരണത്തെ ഞാൻ മുഖാമുഖം കണ്ടുവെങ്കിലും ദൈവാനുഗ്രഹത്താലാണ് ജീവൻ തിരിച്ചുകിട്ടിയത്

മരണത്തെ ഞാൻ മുഖാമുഖം കണ്ടുവെങ്കിലും ദൈവാനുഗ്രഹത്താലാണ് ജീവൻ തിരിച്ചുകിട്ടിയത്

author-image
WebDesk
New Update
cyclone,ie malayalam

മുംബൈ: ലൈഫ് റാഫ്റ്റുകളിൽ പലതിലും ദ്വാരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ക്യാപ്റ്റൻ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തിരുന്നുവെങ്കിൽ, ബാർജ് പി 305 ലെ എല്ലാവരെയും രക്ഷിക്കാമായിരുന്നുവെന്ന് ചീഫ് എൻജിനീയർ റഹ്മാൻ ഷെയ്ഖ്. ടൗട്ടെ ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട റഹ്​മാൻ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

''ഒരാഴ്ച മുൻപുതന്നെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി. ഹാർബറിൽനിന്നും നമുക്കും പോകാമെന്ന് ക്യാപ്റ്റൻ ബൽവിന്ദർ സിങ്ങിനോട് ഞാൻ പറഞ്ഞു. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചുഴലിക്കാറ്റ് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മുംബൈ കടക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, കാറ്റിന്റെ വേഗത അപ്പോൾ 100 കിലോമീറ്ററിനു മുകളിലായിരുന്നു. ശക്തമായി കാറ്റിൽ നങ്കൂരങ്ങളിൽ അഞ്ചെണ്ണം തകർന്നു.''

ചുഴലിക്കാറ്റ് വീശുമ്പോൾ ബാർജ് പി 305 ൽ 261 പേരാണുണ്ടായിരുന്നത്. ചിലരുടെ മൃതദേഹം കണ്ടെടുത്തു. 50 പേരെ ഇപ്പോഴും കാണാനില്ല. ക്യാപ്റ്റന്റെയും കമ്പനിയുടെയും ഭാഗത്തുനിന്നും തെറ്റായ കണക്കുകൂട്ടൽ ഉണ്ടായതായി ചീഫ് എൻജിനീയർ പറഞ്ഞു.

ബാർജിൽ വലിയ ദ്വാരമുണ്ടായി. വെളളം ദ്വാരത്തിലൂടെ അകത്തേക്ക് ഒഴുകിയെത്തി. ലൈഫ് റാഫ്റ്റുകളിൽ രക്ഷപ്പെടാൻ നോക്കിയെങ്കിലും രണ്ടെണ്ണം മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞുളളൂ. ബാക്കി 14 എണ്ണം പഞ്ചറായിരുന്നു. ശക്തമായ കാറ്റ് വീശുകയും തിരമാലകൾ ഉയരുകയും ചെയ്യുമ്പോൾ 16 ലൈഫ് റാഫ്റ്റുകൾ കൂടിയുള്ള സ്റ്റാർബോർഡ് ഭാഗത്ത് പരിശോധിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. നേവിയുടെ കപ്പലുകൾ ഞങ്ങൾക്ക് കാണാമായിരുന്നുവെങ്കിലും അവിടേക്ക് എത്തും മുൻപേ ബാർജ് മുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ലൈഫ് ജാക്കറ്റുകൾ ധരിച്ചവരോട് കടലിൽ ചാടാൻ ആവശ്യപ്പെട്ടു. അവരെ രക്ഷാപ്രവർത്തകർക്ക് കാണാനും രക്ഷിക്കാനുമായി. ഒടുവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ബാർജ് മുങ്ങി. വെള്ളത്തിൽ കൂടുതൽ നേരം കിടന്ന പരിഭ്രാന്തിയും ഞെട്ടലും മൂലമാണ് ചിലർ മരിച്ചതെന്ന് ഷെയ്ഖ് പറഞ്ഞു. മരണത്തെ ഞാൻ മുഖാമുഖം കണ്ടുവെങ്കിലും ദൈവാനുഗ്രഹത്താലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. നേവിയുടെ രക്ഷാസംഘമാണ് ഷെയ്ഖിനെ രക്ഷപ്പെടുത്തിയത്.

ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നിട്ടുണ്ട്. മരിച്ചവരിൽ വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫുമുണ്ട്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു. മലയാളികൾ ഉൾപ്പെടെ 187 പേരെ രക്ഷപ്പെടുത്തിയിരുന്നു.

Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: