അഹമ്മദാബാദ്: നീണ്ട ഏഴ് ദിവസം ദക്ഷിണേന്ത്യയെ ആകെ വിറപ്പിച്ച് നിർത്തിയ ഓഖി ചുഴലിക്കാറ്റിന്റെ കലിയടങ്ങി. ഇതോടെ ഗുജറാത്ത് തീരം സുരക്ഷിതമായി. ഇതോടെ ഗുജറാത്ത് സർക്കാരിനും ജനങ്ങൾക്കും ആശ്വാസമായി. ഇന്നലെ മുംബൈ തീരത്ത് എത്തിയ ഓഖി ചുഴലിക്കാറ്റ് ജീവനും സ്വത്തിനും യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കിയില്ല. എന്നാൽ മുംബൈയിലാകെ നല്ല മഴപെയ്തിരുന്നു.
ഇന്ന് രാവിലെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓഖി ചുഴലിക്കാറ്റിനെ ഇനി ഭയക്കേണ്ടതില്ലെന്ന് അറിയിച്ചത്. ഇന്നലെ രാത്രി 11.30 യോടെ അറബിക്കടലിന്റെ വടക്ക്-കിഴക്കൻ തീരത്തെത്തിയ കാറ്റ് തീർത്തും ദുർബലമായിരുന്നുവെന്നും, ക്രമേണ ചുഴലി മാറി വെറും കാറ്റായി മാറിയെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
സൂറത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തിയിരുന്നില്ല. ക്രമേണ ദുർബലമായ ചുഴലിയിപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. എന്നാൽ അടുത്ത 12 മണിക്കൂറിലും കടലിൽ ശക്തമായ തിരയിളക്കം ഉണ്ടാകും. ഇതടങ്ങാതെ മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവില്ല. ഗുജറാത്ത് തീരത്ത് കാറ്റടിക്കുമെന്ന ഭീതിയെ തുടർന്ന് 1600 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.