ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിൽ കടലിൽ അകപ്പെട്ടുപോയ 845 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഇനിയും 661 പേരെ കണ്ടുകിട്ടാനുണ്ടെന്നും മന്ത്രി പാർലമെന്റിൽ നൽകിയ വിശദീകരിച്ചു.
പാർലമെന്റിലെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ്, കോസ്റ്റ് ഗാർഡും, നേവിയും, എയർ ഫോഴ്സും ചേർന്ന് 821 പേരെ രക്ഷപ്പെടുത്തിയതായി മന്ത്രി പറഞ്ഞത്. ചരക്കുകപ്പൽ അടക്കമുള്ള മറ്റ് സംവിധാനങ്ങളാണ് ശേഷിച്ചവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരിൽ 453 പേർ തമിഴ്നാട് സ്വദേശികളാണ്.
കേരളത്തിൽ നിന്ന് ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് പോയ 362 പേരെ രക്ഷിച്ചു. ലക്ഷദ്വീപ് മിനിക്കോയ് ദ്വീപുകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ള 30 പേർ. അതേസമയം ഇനിയും 661 പേരെ കണ്ടുകിട്ടാനുണ്ടെന്ന പ്രതിരോധ മന്ത്രിയുടെ വിശദീകരണം ഞെട്ടലുണ്ടാക്കി.
കാണാതായവരിൽ ഭൂരിപക്ഷം പേരും തമിഴ്നാട് സ്വദേശികളാണ്. 400 പേരെയാണ് ഇവിടെ നിന്ന് കണ്ടുകിട്ടാനുള്ളത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ 261 പേരെയാണ് കണ്ടുകിട്ടാനുള്ളത്. അതേസമയം ഇനി കേരളത്തിൽ നിന്ന് 147 പേരെ കണ്ടുകിട്ടാനുണ്ടെന്നാണ് മന്ത്രി മേഴ്സി തോമസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റേത് ഡിസംബർ 15 വരെയുള്ള കണക്കാണെന്നും മന്ത്രി വിശദീകരിച്ചു.