scorecardresearch

നിവാർ തീരം തൊട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത

നിവാർ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ഇവ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഏതാനും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു

നിവാർ തീരം തൊട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. മണിക്കൂറുകളോളം സമയമെടുത്താണ് കാറ്റ് കടൽ മേഖലയിൽ നിന്ന് കരപ്രദേശത്തേക്ക് കടക്കുന്നത്. കാറ്റ് കരയിലെത്തിയ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പുലർച്ചെ മുന്ന് മണിയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 120 കിലോമീറ്ററിനും 10 കീലോമീറ്ററിനും ഇടയിൽ വേഗതയില്‍ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്നാട്ടിലോ, പുതുച്ചേരിയിലോ തീരംതൊടുന്ന നിവാര്‍ മണിക്കൂറിൽ  145 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനിടയുണ്ടെന്നായിരുന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായി നീങ്ങിയ നിവാർ അതി തീവ്ര കാറ്റായി മാറിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും തമിഴ്‌നാട്, പുതുച്ചേരി അധികൃതര്‍ അറിയിച്ചു.

മഹാബലിപുരത്ത് ജോലി നിർത്തിവയ്ക്കുന്ന മത്സ്യത്തൊഴിലാളികൾ

ചെന്നൈ നഗരത്തിലടക്കം കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലായിട്ടുണ്ട്. സംസ്ഥാനത്തെ 13 ജില്ലകളിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, വെല്ലൂർ, കടലൂർ, വിഴുപ്പുരം, നാഗപട്ടണം, തിരുവാരൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തഞ്ചാവൂർ, മയിലാദുംതുറൈ, തിരുവണ്ണാമലൈ, അരിയലൂർ, പെരിയാനൂർ ജില്ലകളിലാണ് നവംബർ 26 പൊതു അവധിയായി പ്രഖ്യാപിച്ചത്.

കാലാവസ്ഥാവകുപ്പ് പ്രസിദ്ധീകരിച്ച ഉപഗ്രഹചിത്രം

ചുഴലിക്കാറ്റിനെത്തുടർന്ന് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരു ചെന്നൈ റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കിയതായെ ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. നിവാർ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ഇവ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഏതാനും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ്‌ നിരക്ക് മുഴുവനായും റീഫണ്ട് അനുവദിക്കുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മുഴുവനായി റദ്ദാക്കിയ ട്രെയിനുകളിൽ യാത്രാ തീയതി മുതൽ ആറുമാസം വരെയുള്ള കാലാവധിയിൽ റീഫണ്ട് ലഭ്യാമക്കാനാവും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ‌ക്ക്, യാത്രമുടങ്ങിയ ഭാഗത്തേക്കുള്ള ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്ത് ലഭിക്കും. ട്രെയിൻ‌ പുറപ്പെടുന്ന തീയതി മുതൽ‌ 6 മാസം വരെയാണ് ഈ കാലാവധി. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓട്ടോ റീഫണ്ട് സൗകര്യം ലഭ്യമാണ്.

 

കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റദ്ദാക്കിയവയിലുൾപ്പെടുന്നു.

പൂർണമായും സർവീസ് റദ്ദാക്കിയ ട്രെയിനുകൾ

  1. Train No. 06011 : കന്യാകുമാരി – ഹസ്രത്ത് നിസാമുദീൻ (തിരുക്കുറൽ) ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സപ്രസ് – നവംബർ 25ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ടത്.
  2.  Train No. 06012 : ഹസ്രത്ത് നിസാമുദീൻ – കന്യാകുമാരി (തിരുക്കുറൽ) ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സപ്രസ് – നവംബർ 28ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടത്.

ഭാഗികമായി സർവീസ് റദ്ദാക്കിയ ട്രെയിനുകൾ

  1.  Train No. 06188 : എറണാകുളം ജങ്ഷൻ – കരൈക്കൽ ഡെയ്‌ലി സ്‌പെഷ്യൽ എക്സ്പ്രസ്
  2. Train No. 06187 : കരൈക്കൽ – എറണാകുളം ജങ്ഷൻ ഡെയ്‌ലി സ്‌പെഷ്യൽ എക്സ്പ്രസ്
  3. Train No. 02624 : തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ ഡെയ്‌ലി സ്‌പെഷ്യൽ
  4. Train No. 02623 : എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി സ്‌പെഷ്യൽ
  5. Train No. 02640 : ആലപ്പുഴ – എംജിആർ ചെന്നൈ സെൻട്രൽ ഡെയ്‌ലി സ്‌പെഷ്യൽ
  6. Train No. 02639 : എംജിആർ ചെന്നൈ സെൻട്രൽ – ആലപ്പുഴ ഡെയ്‌ലി സ്‌പെഷ്യൽ

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ശക്തമായ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

ചെന്നൈ നഗരത്തിലെ വെള്ളക്കെട്ട്

അതിനിടെ, കനത്തമഴയില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെമ്പരമ്പാക്കം തടാകം തുറന്നുവിട്ടു. ആദ്യഘട്ടത്തില്‍ 1,000 ക്യുസെക് വെള്ളമാണ് പുറത്തുവിടുന്നത്. ജലപ്രവാവഹത്തിനനുസരിച്ച് കൂടുതല്‍ തുറന്നുവിടാന്‍ സാധ്യതയുണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അവസാനമായി തുറന്നത്.

ചെമ്പരമ്പാക്കം അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ അഡയാര്‍ നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറാന്‍ വിശാല ചെന്നൈ കോര്‍പ്പറേഷന്‍ (ജിസിസി) നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 169 ദുരിതാശ്വാസ കേന്ദ്രങ്ങളാണു തുറന്നിരിക്കുന്നത്.

25 മുതല്‍ 26 വരെ 150-200 മില്ലിമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, ചെമ്പരമ്പാക്കം തടാകത്തില്‍ ശരാശരി 7062 ക്യുസെക് വെള്ളമെത്താന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്. അഡയാര്‍ നദിയുടെ കരയിലും ശ്രീപെരുമ്പത്തൂര്‍, താംബരം താലൂക്ക്, ചെന്നൈ നഗരത്തിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.

1,200 ഓളം ദേശീയ ദുരന്ത നിവാരണ (എൻ‌ഡി‌ആർ‌എഫ്) രക്ഷാപ്രവർത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുൻ കരുതൽ നടപടിയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമാണുള്ളത്. ആറ് ജില്ലകളിലെ ബസ് സര്‍വീസുകളും ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചെന്നൈ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് രാവിലെ 10നുശേഷം നിര്‍ത്തി. അവധിക്കാല സേവന സമയ പട്ടിക പ്രകാരം ചെന്നൈയിലെ മെട്രോ സര്‍വീസുകള്‍ രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തും.

അടിയന്തര സാഹചര്യം നേരിടാന്‍ ആറ് ജില്ലകളിലായി 465 ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തിയതായി തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു.വൈദ്യുതി തകരാറുകള്‍, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അധിക മനുഷ്യശക്തി വിന്യസിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും സമീപം വാഹനങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

പുതുച്ചേരിയില്‍ വ്യാഴാഴ്ച വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cyclone nivar weather forecast today live updates tamil nadu puducherry on alert